കോഴിക്കോട് > പഞ്ചാബ് നാഷണൽ ബാങ്ക് സീനിയർ മാനേജർ എം പി റിജിൽ, കോഴിക്കോട് കോർപറേഷൻ അക്കൗണ്ടിൽനിന്ന് ഉൾപ്പെടെ കോടികൾ തട്ടിയ കേസന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്. വൻ തുകയുടെ തട്ടിപ്പായതിനാലാണിത്. അന്വേഷകസംഘം ക്രൈംബ്രാഞ്ചിന് വിവരങ്ങൾ കൈമാറി. അതേസമയം, നിലവിൽ കണ്ടെത്തിയ 12.68 കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി ചോദ്യംചെയ്യലിൽ വ്യക്തമായിട്ടില്ല.
കോർപറേഷൻ അക്കൗണ്ടിൽനിന്ന് മാത്രമായി 12.6 കോടി രൂപയാണ് റിജിൽ അടിച്ചുമാറ്റിയത്. ബാക്കി തുക സ്വകാര്യവ്യക്തികളുടെ അക്കൗണ്ടിൽനിന്നാണ് ചോർത്തിയത്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് ബന്ധമുള്ളതായി സൂചനയില്ലെന്ന് ക്രൈംബ്രാഞ്ച് എസിപി ടി എ ആന്റണി പറഞ്ഞു. വ്യാഴം വൈകിട്ട് കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചൊവ്വാഴ്ചവരെ ചോദ്യംചെയ്യലിന് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഓൺലൈൻ കച്ചവടത്തിലും ഓൺലൈൻ റമ്മിയിലും റിജിലിന് പണം നഷ്ടമായിട്ടുണ്ട്. വീട് നിർമാണത്തിനെടുത്ത വായ്പയിൽ 50 ലക്ഷത്തോളം രൂപ നഷ്ടമായതോടെയാണ് 17 അക്കൗണ്ടുകളിൽനിന്നായി നെറ്റ് ബാങ്കിങ് വഴി പണം കവർന്നത്. ലിങ്ക് റോഡിലെ പിഎൻബി ശാഖയിലെ അച്ഛന്റെ അക്കൗണ്ടിലേക്കും ഇതിൽനിന്ന് ആക്സിസ് ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്കുമാണ് പണം മാറ്റിയത്. റിജിലിന്റെ മൊഴി ബാങ്ക് സ്റ്റേറ്റ്മെന്റുമായി പൊരുത്തപ്പെടുന്നതാണ്. ബാങ്കിലെ ചില ഉന്നത ഉദ്യോഗസ്ഥർക്ക്കൂടി കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് റിജിൽ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ തെളിവില്ല.