തൃശൂർ
കർഷക- തൊഴിലാളി ഐക്യസമരം ശക്തമായി തുടരുന്നതിനൊപ്പം ഹിന്ദുത്വ കോർപറേറ്റ് കൂട്ടുകെട്ടിനെ ജനങ്ങൾക്കിടയിൽ തുറന്നു കാണിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സംഘപരിവാറിന്റെ രാഷ്ട്രീയസമീപനം തുറന്നുകാണിക്കണം. കിസാൻസഭാ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനിയിൽ ‘കാർഷിക പ്രതിസന്ധിയും കർഷകസമരവും ബദൽനയങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടത് ജനാധിപത്യ ബദലിന് പ്രാധാന്യം നൽകണം. ചരിത്രത്തിലാദ്യമായി കേന്ദ്രസർക്കാരിനെതിരെയുള്ള കർഷക സമരം വിജയം കണ്ടതിന്റെ പശ്ചാത്തലത്തിൽ ഭാവി പ്രവർത്തനവും ബദൽ സമരങ്ങളും ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു പതിറ്റാണ്ടായി രാജ്യത്ത് നടപ്പാക്കുന്ന നവലിബറൽ നയസമീപനങ്ങളുടെ ഭാഗമായാണ് രൂക്ഷമായ കാർഷിക പ്രതിസന്ധി ഉടലെടുത്തത്. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധനിയമങ്ങളുടെ അപകടാവസ്ഥ തിരിച്ചറിഞ്ഞാണ് കർഷകരുടെ യോജിപ്പ് ഉണ്ടായത്. മഹാപ്രക്ഷോഭത്തെത്തത്തുടർന്ന് കേന്ദ്രസർക്കാരിന് കാർഷികനിയമങ്ങൾ പിൻ വലിക്കേണ്ടിവന്നു. എന്നിട്ടും കാർഷിക പ്രതിസന്ധി രൂക്ഷമാണ്. കൃഷിഭൂമിയും കാർഷിക ഉൽപ്പന്നങ്ങളും കുത്തകകൾക്ക് കൈമാറുന്നത് വ്യാപകമായി. വിവിധ സംസ്ഥാനങ്ങളിൽ നിലനിന്ന ഭൂപരിഷ്കരണ നിയമങ്ങൾ ഇല്ലാതാക്കിയാണ് കുത്തകകൾക്ക് കൃഷിയിടവും തുച്ഛവിലയ്ക്ക് കർഷകരുടെ ഉൽപ്പന്നങ്ങളും കൈമാറുന്നത്.
കാർഷികമേഖലയിൽ നിലവിലുള്ള കൂട്ടായ്മ രാഷ്ട്രീയ പാർടികളിലുമുണ്ടാവണം. സംയുക്ത പ്രക്ഷോഭം കാർഷിക–- തൊഴിലാളി–- രാഷ്ട്രീയ പാർടി ഐക്യമുന്നേറ്റമായി ഉയരണം. വൈദ്യുതിമേഖലയിലെ സ്വകാര്യവൽക്കരണം കാർഷിക മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കും. ഈ സമരം കർഷകരുടെയും സാധാരണക്കാരുടെയുംകൂടി ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് സമരങ്ങൾ ശക്തമാക്കണം–-കാരാട്ട് പറഞ്ഞു.