കോഴിക്കോട്
തൊഴിലാളികളുടെ കരുത്തും പ്രതീക്ഷയുമായ സിഐടിയുവിന്റെ 15–ാം സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച കോഴിക്കോട്ട് തുടക്കമാകും. മൂന്നുനാളത്തെ സമ്മേളനം രാവിലെ ഒമ്പതിന് സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തുന്നതോടെ ആരംഭിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപിയും സ്വാഗതസംഘം ചെയർമാൻ ടി പി രാമകൃഷ്ണൻ എംഎൽഎയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടാഗോർ ഹാളിൽ(കാട്ടാക്കട ശശി നഗർ) രാവിലെ 10ന് പ്രതിനിധി സമ്മേളനം അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനംചെയ്യും. അഖിലേന്ത്യാ പ്രസിഡന്റ് കെ ഹേമലത, വൈസ് പ്രസിഡന്റ് എ കെ പത്മനാഭൻ, സെക്രട്ടറി ആർ കരുമലയൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, എഐടിയുസി നേതാവ് കെ ജി പങ്കജാക്ഷൻ, കേരള കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറി പനോളി വത്സൻ, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കും. സിഐടിയുവിൽ അഫിലിയേറ്റ് ചെയ്ത യൂണിയനുകളിൽനിന്നുള്ള 604 പ്രതിനിധികൾ പങ്കെടുക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി നന്ദകുമാർ വരവുചെലവുകണക്കും അവതരിപ്പിക്കും. 19ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും അഖിലേന്ത്യാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. സമാപനദിവസമായ തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് (എം വാസു നഗർ) റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. തൊഴിലാളികളും കുടുംബാംഗങ്ങളുമടക്കം രണ്ടരലക്ഷത്തിലേറെ പേർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ പി കെ മുകുന്ദൻ, ഭാരവാഹികളായ മാമ്പറ്റ ശ്രീധരൻ, പി കെ സന്തോഷ് എന്നിവരും പങ്കെടുത്തു.