തിരുവനന്തപുരം> കാസര്കോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് ഇഇജി (Electroencephalogram) സംവിധാനം പ്രവര്ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ജില്ലയില് സര്ക്കാര് മേഖലയില് ആദ്യമായാണ് ഇഇജി സേവനം ലഭ്യമാക്കുന്നത്.
നൂറോളജി ചികിത്സയില് ഏറെ സഹായകരമാണ് ഇഇജി. അപ്സമാര രോഗ നിര്ണയത്തിന് ആവശ്യമായ പരിശോധനയാണ് ഇഇജി. വിവിധ തരത്തിലുള്ള മസ്തിഷ്ക രോഗ ബാധ വിലയിരുത്താന് ഇതിലൂടെ സഹായിക്കുന്നു. എന്ഡോസള്ഫാന് ദുരിത ബാധിതര് ഏറെയുള്ള ജില്ലയിലെ ജനങ്ങള്ക്ക് ഇത് വലിയ ആശ്വാസമാണ്. ജില്ലാ ആശുപത്രിയില് ഒരുക്കിയ ഇഇജി സേവനം എന്ഡോസള്ഫാന് രോഗികള്ക്ക് പൂര്ണമായും സൗജന്യമായി ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
എന്ഡോസള്ഫാന് ദുരിതബാധിതരുള്പ്പെടെയുള്ളവരുടെ ചികിത്സയ്ക്ക് കാസര്കോട് ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് അവരുടെ സേവനം ലഭ്യമാക്കി. ഇതുകൂടാതെയാണ് പരിശോധനയ്ക്കായി ഇഇജി സംവിധാനം സജ്ജമാക്കിയത്. കാത്ത് ലാബിന്റെ സേവനവും ജില്ലാ ആശുപത്രിയില് ലഭ്യമാക്കിയുട്ടുണ്ട്.