കൊച്ചി> കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ വിധി പറയൽ 22 ലേക്ക് മാറ്റി. പുതിയ കക്ഷിചേരൽ ഹർജിയെ തുടർന്നാണ് വിധിപറയൽ മാറ്റിയത്.
കേരള സർവകലാശാല വൈസ്ചാൻസലർ നിയമനത്തിന് രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ച്, തിരക്കിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചതെന്തിനെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. . സെനറ്റ് അംഗങ്ങളിൽ സമ്മർദം ചെലുത്താനാണിതെന്ന് ചാൻസലർക്ക് പറയാമെങ്കിലും വേഗത്തിൽ ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിച്ചത് ശരിയായില്ലെന്ന് കോടതി വ്യക്തമാക്കി. വാദം കേൾക്കവെയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. ഗവർണർ ചാൻസലറായിരിക്കുമ്പോൾ പ്രീതിയുടെ പേരിൽ നടപടിയെടുക്കുന്നതിന് പരിമിതിയുണ്ട്. ‘പ്രീതി’ വ്യക്തിപരമായ താൽപ്പര്യത്തിലല്ലെന്നും നിയമപരമായിരിക്കണമെന്നും ഹൈക്കോടതി ആവർത്തിച്ചിരുന്നു.