കൊച്ചി> കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ ട്വന്റി 20 ചീഫ് കോ–-ഓർഡിനേറ്റർ സാബു എം ജേക്കബ് അടക്കമുള്ള പ്രതികൾക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. നോട്ടീസ് അയച്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യാമെന്നും അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു. ശ്രീനിജിന്റെ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാബു നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ എംഎൽഎക്ക് നോട്ടിസ് അയക്കാനും ഉത്തരവിട്ടു.
കേസിന്റെ ഈ ഘട്ടത്തിൽ എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെടാൻ പ്രതികൾക്കാവില്ലെന്ന് സർക്കാർ വ്യക്തമാക്കി. പ്രതികളെ അറസ്റ്റ് ചെയ്യാൻ കാരണമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇപ്പോൾ പറയാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനാണ് തീരുമാനിക്കുന്നത് എന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് മറുപടിനൽകി.
ആഗസ്ത് 17ന് ഐക്കരനാട് കൃഷിഭവൻ നടത്തിയ കർഷകദിനാഘോഷത്തിൽ ഉദ്ഘാടകനായി എത്തിയപ്പോൾ ജാതീയമായി ആക്ഷേപിച്ചെന്നാണ് ശ്രീനിജിന്റെ പരാതി. ഒന്നാംപ്രതി സാബു എം ജേക്കബിനെ കൂടാതെ രണ്ടുമുതൽ ആറുവരെ പ്രതികളായ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്, വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ്, അംഗങ്ങളായ സത്യപ്രകാശ്, ജീൽ മാവേലിൽ, രജനി എന്നിവർ അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകി ആവശ്യപ്പെടുമ്പോൾ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു. ഹർജി ഇനി 2023 ജനുവരി നാലിന് പരിഗണിക്കാൻ മാറ്റി.















