തിരുവനന്തപുരം > ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്ജും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും തിരുവനന്തപുരം ശ്രീചിത്ര ഹോം സന്ദര്ശിച്ചു. ഹോമിന്റെ പ്രവര്ത്തനങ്ങള് സൂപ്രണ്ടുമായി ചര്ച്ച ചെയ്തു. ഹോമിന്റെ പ്രവര്ത്തനങ്ങള് കൂടുതല് കാര്യക്ഷമമാക്കാന് മന്ത്രിമാര് നിര്ദേശം നല്കി.
ഹോമിലെ വിവിധ കെട്ടിടങ്ങള് ഇരുമന്ത്രിമാരും സന്ദര്ശിച്ചു. ഹോമിലെ ആണ്കുട്ടികളുടേയും പെണ്കുട്ടികളുടേയും ഹോസ്റ്റലുകള്, അടുക്കള, സ്റ്റോര് എന്നിവയെല്ലാം പരിശോധിച്ചു. കുട്ടികളുടെ ഭക്ഷണ ക്രമത്തെപ്പറ്റിയും താമസത്തെപ്പറ്റിയും ജീവനക്കാരുമായി ആശയവിനിമയം നടത്തി. കണ്ടെത്തിയ പോരായ്മകള് പരിഹരിക്കാന് നിര്ദേശം നല്കി.
ഉച്ചയ്ക്ക് ശേഷം പരീക്ഷയായതിനാല് ചില കുട്ടികള് ഹോമിലുണ്ടായിരുന്നു. കുട്ടികളോടൊപ്പം മന്ത്രിമാര് ഏറെ നേരം ചെലവഴിച്ചു. കുട്ടികള്ക്ക് പറയാനുള്ളത് ശ്രദ്ധയോടെ കേട്ടു. കുട്ടികള് തന്നെ വരച്ച ഹോമിലെ ചുവരുകള് ഏറെ ആകര്ഷകമാണ്. പടംവരയ്ക്കാന് ആഗ്രഹമുണ്ടെന്ന് ചില കുട്ടികള് മന്ത്രി വീണാ ജോര്ജിനോട് പറഞ്ഞു. പടം വരയ്ക്കാനായി ഡ്രോയിംഗ് ബുക്കും ക്രയോണോ വാട്ടര്കളറോ നല്കാനും നിര്ദേശം നല്കി.
ഫുട്ബോള് ഏറെ ഇഷ്ടപ്പെടുന്നതായി കുട്ടികള് പറഞ്ഞു. ഹോമില് ഫുട്ബോള് കാണാനുള്ള സൗകര്യമുണ്ട്. പല ടീമിനെയാണ് കുട്ടികള് ഇഷ്ടപ്പെടുന്നത്. ചില കുട്ടികള് ഹോക്കിയും കളിക്കുന്നുണ്ട്. കുട്ടികള് ‘ട്വിങ്കില് ട്വിങ്കില് ലിറ്റില് സ്റ്റാര്…’ പാട്ട് പാടുകയും ക്രിസ്തുമസ് ന്യൂഇയര് ആശംസകള് നേരുകയും ചെയ്തു. മന്ത്രിമാര് പാട്ട് ഏറ്റുപാടി. ഇരു മന്ത്രിമാരും കുട്ടികള്ക്ക് ആശംസകള് നേര്ന്ന് യാത്ര പറഞ്ഞു.