കാസർകോട് > ബോട്ടിന്റെ പങ്കായം (സ്റ്റിയറിങ്) പൊട്ടി നിയന്ത്രണംവിട്ട് കടലിൽ കുടുങ്ങിയ മീൻപിടിത്ത തൊഴിലാളികളെ തീരദേശ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി. കാസർകോട് കസബ കടപ്പുറത്തുനിന്നും മീൻപിടിക്കാൻപോയ “കമലാക്ഷി അമ്മ’ എന്ന ബോട്ടും ജീവനക്കാരുമാണ് ചൊവ്വാഴ്ച രാവിലെ പത്തരയോടെ അഴിമുഖത്തിന് രണ്ടു കിലോമീറ്റർമാറി കടലിൽകുടുങ്ങിയത്. വിവരം ലഭിച്ചയുടൻ ബേക്കൽകോസ്റ്റൽഎഎസ്ഐ എം ടി പി സെയ്ഫുദീന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തേക്ക് തിരിച്ചു.
ശക്തമായ തിരയും കാറ്റും കാരണം യാത്ര ദുസ്സഹമായിരുന്നെങ്കിലും അതിസാഹസികമായി ബോട്ടിനടുത്തെത്തി. ഒരു മണിക്കൂറോളം പണിപ്പെട്ടാണ് ബോട്ടിലുണ്ടായിരുന്ന നാലുപേരെയും പൊലീസിന്റെ ബോട്ടിൽ കയറ്റിയത്. അടുക്കത്ത് ബയലിലെ ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപെട്ട മരത്തടയിൽതീർത്ത ചെറിയ ബോട്ട്. കെട്ടിവലിച്ച് കൊണ്ടുവരാനാകാത്തതിനാൽഈ ബോട്ട് സംഭവ സ്ഥലത്തുതന്നെ നങ്കൂരമിട്ടു വച്ചു. ബാബുവിന് പുറമെ വത്സലൻ, എ രാജൻ, കെ വിജയൻ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ സജിത്ത്, കെ രഘു, കോസ്റ്റൽ വാർഡൻ ബി രഞ്ജിത്ത്, സ്രാങ്ക് ശരത്ത് രാമചന്ദ്രൻ എന്നിവരും രക്ഷാപ്രവർത്തനത്തിനുണ്ടായി.