തിരുവനന്തപുരം > ശബരിമല തീർഥാടകരെയടക്കം ബുദ്ധിമുട്ടിച്ച ട്രെയിൻ റദ്ദാക്കലിന് ശേഷം ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിൽ. കഴിഞ്ഞ ദിവസം റദ്ദാക്കിയ ട്രെയിനുകളിൽ നാലെണ്ണം ഒഴികെയുള്ളവ പുനഃസ്ഥാപിച്ചു. തിരുവനന്തപുരം നാഗർകോവിൽ ഏറനാട് എക്സ്പ്രസ്, ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി, നിലമ്പൂർ തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ്, ലോക്മാന്യ തിലക് കൊച്ചുവേളി ബൈവീക്കിലി എക്സ്പ്രസ് എന്നിവ തിങ്കളാഴ്ച സർവീസ് നടത്തിയില്ല. ഞായറാഴ്ച സർവീസ് റദ്ദാക്കിയതിനെ തുടർന്നുള്ള പെയറിങ് ട്രെയിനുകളാണിത്.
കൊച്ചുവേളി സ്റ്റേഷനിലെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 10 ദിവസമായി ട്രെയിനുകളിൽ ഭൂരിഭാഗവും റദ്ദാക്കപ്പെട്ടിരുന്നു. ഇതിനുപുറമെ ശനി, ഞായർ ദിവസങ്ങളിൽ 33 ട്രെയിനും റെയിൽവേ നിർത്തുകയായിരുന്നു. കേരളത്തിൽനിന്ന് പുറപ്പെടുന്ന ദീർഘദൂര ട്രെയിനുകൾക്ക് മുൻഗണന നൽകിയതാണ് ഞായറാഴ്ച ബാക്കിയുള്ള ട്രെയിനുകൾ വൈകാൻ കാരണമായത്.
കൊച്ചുവേളിയിലെ രണ്ടാംഘട്ട നവീകരണം, ചാലക്കുടി പാലത്തിന്റെ മൂന്നു ഗർഡർ മാറ്റിസ്ഥാപിക്കൽ, കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ മീനച്ചിൽ പാലത്തിലെ പഴയ ഗർഡർ മാറ്റിസ്ഥാപിക്കൽ എന്നീ മൂന്നു പ്രവർത്തനങ്ങളാണ് ഞായറാഴ്ച റെയിൽവേ ചെയ്തത്. ഒരേദിവസം ഒരേറൂട്ടിൽ മൂന്ന് നിർമാണ പ്രവർത്തനങ്ങൾ നടന്നതോടെയാണ് ട്രെയിൻ ഗതാഗതം താറുമാറായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്ക് മണിക്കൂറുകൾ ട്രെയിനിനുള്ളിൽ ചെലവഴിക്കേണ്ടതായി വന്നു.
കൊച്ചുവേളിയിൽ ഇനി ആറ് പ്ലാറ്റ്ഫോം
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ രണ്ട് പുതിയ പ്ലാറ്റുഫോമുകളുടെയും ട്രെയിനുകൾ നിർത്തിയിടാനുള്ള സ്റ്റേബ്ലിങ് ലൈനുകളുടെയും നിർമാണം പൂർത്തിയായി. 37 കോടി രൂപയുടെതാണ് നവീകരണം. ഇതോടെ കൊച്ചുവേളിയിലെ പ്ലാറ്റ്ഫോമുകളുടെ എണ്ണം ആറായി. ട്രെയിൻ ഗതാഗതം നിയന്ത്രിക്കാനുള്ള സിഗ്നൽ സംവിധാനമായ ഇലക്ട്രോണിക് ഇന്റർലോക്കിങ്ങും സ്ഥാപിച്ചു. റെയിൽവേ ഫണ്ട് അനുവദിക്കാതായതോടെ ഏറെനാളായി കൊച്ചുവേളിയിൽ വികസനം മുടങ്ങിക്കിടക്കുകയായിരുന്നു. പുതിയ സ്റ്റേബ്ലിങ് ലൈനുകൾ കമീഷൻ ചെയ്യുന്നതോടെ ആകെ എണ്ണം നാല് ആകും. 2, 3 പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടിയിട്ടുമുണ്ട്.















