കലിഫോർണിയ> ഇരുപത്തിയഞ്ച് ദിവസത്തെ ദൗത്യ യാത്രക്കൊടുവിൽ ചാന്ദ്ര പേടകം ഒറിയോൺ പസഫിക്ക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി. ഞായറാഴ്ച രാത്രി 11.10 ന് കലിഫോർണിയ ഗൗദലൂപ്പ് ദ്വീപിന് സമീപമാണ് പേടകം പതിച്ചത്.
തുടർന്ന് അമേരിക്കൻ നേവിയുടെ മുങ്ങൽ വിദഗ്ധർ പേടകം വീണ്ടെടുത്തു കപ്പലിൽ എത്തിച്ചു. മനുഷ്യനെ ചന്ദ്രനിലേക്ക് വീണ്ടും അയക്കുന്നതിനുള്ള നാസയുടെ പദ്ധതിയുടെ മുന്നോടിയാണ് ഒറിയോൺ ദൗത്യം. മനുഷ്യന് പകരം മൂന്ന് ഡമ്മിയുമായായിരുന്നു യാത്ര. നവംബർ 16നായിരുന്നു വിക്ഷേപണം. ചന്ദ്രന്റെ 130 കിലോമീറ്റർ അടുത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഡിസംബർ ഒന്നിനാണ് ഒറിയോൺ മടക്കയാത്ര തുടങ്ങിയത്.
ഞായറാഴ്ച രാത്രി 10.51 ഓടെ പേടകം ഭൗമാന്തരീക്ഷത്തിലേക്ക് കടന്നു. മണിക്കൂറിൽ 40000 കിലോമീറ്റർ വേഗത്തിലായിരുന്നു ഇത്. പേടകത്തിലെ താപനില 2800 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. തുടർന്ന് പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് കടലിലിറങ്ങിയത്. ദൗത്യം വിജയകരമെന്ന് നാസ അറിയിച്ചു.
2024 ൽ ഒരു വനിതയടക്കം മൂന്ന് പേരെ ചന്ദ്രനിലേക്ക് അയക്കാനാണ് നാസ ലക്ഷ്യമിടുന്നത്.