കോഴിക്കോട്> മതനിരപേക്ഷ നിലപാടിൽ വിശ്വസിക്കുന്നവർ കോൺഗ്രസിന്റെ നയസമീപനങ്ങളിൽ കടുത്ത അസംതൃപ്തരാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് . കേരളത്തിൽ ബിജെപിയുടെ ബി ടീമായാണ് നേതൃത്വം പ്രവർത്തിക്കുന്നത്. അതിൽ അവർക്കൊപ്പമുള്ളവർ അസംതൃപ്തരാണ്. ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി ബിജെപി മുദ്രാവാക്യത്തിനൊപ്പം സിന്ദാബാദ് വിളിക്കുന്നവരായി കോൺഗ്രസ് നേതൃത്വം മാറി. ആർഎസ്എസ് ശാഖയ്ക്ക് കാവൽനിന്നിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് പറയുന്നു. ബിജെപിക്കും കോൺഗ്രസിനും ഒരു പ്രസിഡന്റ് മതി എന്ന നിലയാണ്.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ടുചെയ്തവർ അതൃപ്തരാണ്. രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളിൽ കോൺഗ്രസ് മൗനത്തിലാണ്. രാമക്ഷേത്രനിർമാണത്തിന് വെള്ളി ഇഷ്ടിക അയച്ചുകൊടുക്കാനുള്ള തിരക്കിലായിരുന്നു കോൺഗ്രസ് നേതാക്കളും പല സംസ്ഥാന ഘടകങ്ങളും. കശ്മീർ, ബീഫ് വിഷയത്തിൽ പാർലമെന്റിൽ അവർ ഒളിച്ചോടി. ബിജെപിയോടുള്ള കടുത്ത വിരുദ്ധതയാണ് ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ജയിക്കാൻ കാരണം. എന്നാൽ, ജയിച്ച കോൺഗ്രസ് എംഎൽഎമാർ ഒളവിൽ പോയി. അവർക്ക് സംരക്ഷണം ഒരുക്കേണ്ട ഗതികേടിലാണ് നേതൃത്വം.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ടുചെയ്തവർ കടുത്ത നിരാശയിലാണ്. തങ്ങൾക്കുവേണ്ടി സംസാരിക്കാൻ കോൺഗ്രസ് ഉണ്ടാകില്ലെന്ന യാഥാർഥ്യം അവർ മനസ്സിലാക്കുന്നു. ഇടതുപക്ഷമാണ് ശരിയായ നിലപാട് സ്വീകരിക്കുന്നതെന്ന ചിന്ത പ്രബലമാണ്. അങ്ങനെ ചിന്തിക്കുന്നവർ ഇടതുപക്ഷത്തോട് അടുക്കുന്നത് സ്വാഭാവികമാണ്. തെറ്റുതിരുത്താൻ തയ്യാറായില്ലെങ്കിൽ കോൺഗ്രസ് കൂടുതൽ ശിഥിലമാകുമെന്നും റിയാസ് വാർത്താലേഖകരോട് പറഞ്ഞു.