കൊച്ചി
ശബരിമലയിൽ തിരക്കുള്ള ദിവസങ്ങളിൽ ദർശനസമയം ഒരുമണിക്കൂർ കൂട്ടാനാകുമോയെന്ന് ഹൈക്കോടതി. തന്ത്രിയുമായി ആലോചിച്ചശേഷം അറിയിക്കാമെന്ന് ദേവസ്വംബോർഡ് മറുപടി നൽകി. തീർഥാടകരുടെ എണ്ണം ദിവസേന ഒരുലക്ഷമായി ഉയർന്ന സാഹചര്യത്തിലാണ് ദർശനസമയം കൂട്ടാൻ കോടതി ആവശ്യപ്പെട്ടത്.നിലവിൽ 18 മണിക്കൂറാണ് ദർശനസമയം. ശബരിമലയിലെ മരക്കൂട്ടത്തിൽ തിക്കിലും തിരക്കിലുംപെട്ട് തീർഥാടകർക്ക് പരിക്കേറ്റ സംഭവത്തിൽ ദേവസ്വം സ്പെഷ്യൽ കമീഷണറോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. ജസ്റ്റിസ് അനിൽ നരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തിയാണ് അവധിദിവസമായ ഞായറാഴ്ച വിഷയം പരിഗണിച്ചത്.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പത്തനംതിട്ട കലക്ടറോടും പൊലീസിനോടും കോടതി ആവശ്യപ്പെട്ടു. ഒരുമണിക്കൂറിൽ പരമാവധി 4800 തീർഥാടകർക്ക് 18–-ാംപടി കയറാമെന്ന് ബോർഡ് അറിയിച്ചു. മരക്കൂട്ടംമുതൽ സന്നിധാനംവരെ തിരക്ക് നിയന്ത്രിക്കാൻ നടപടി എടുക്കാൻ കോടതി നിർദേശിച്ചു. നിലയ്ക്കൽമുതൽ ളാഹവരെ പൊലീസ് പട്രോളിങ് ഉണ്ടാകണം. നിലയ്ക്കലെ പാർക്കിങ് പരിധി കഴിഞ്ഞാൽ ട്രാഫിക് കർശനമായി നിയന്ത്രിക്കണം. ഇക്കാര്യത്തിൽ കോൺട്രാക്ടർക്ക് കർശന നിർദേശം നൽകണം. ആരും ദർശനംകിട്ടാതെ മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി നിർദേശിച്ചു.
മരക്കൂട്ടംമുതൽ ക്യൂ നിൽക്കുന്ന തീർഥാടകർക്ക് ചുക്കുവെള്ളം, ബിസ്കറ്റ് എന്നിവ നൽകുന്നുണ്ടെന്ന് ദേവസ്വംബോർഡ് വിശദമാക്കി. കലക്ടർ ദിവ്യ എസ് അയ്യർ ഓൺലൈനിൽ കോടതിയിൽ ഹാജരായി. ദിവസം ഒരുലക്ഷത്തിലധികം തീർഥാടകർ സന്നിധാനത്ത് എത്തുന്നുണ്ടെന്നും പുലർച്ചെ ദർശനം കഴിഞ്ഞും അവർ സന്നിധാനത്ത് തുടരുന്നുണ്ടെന്നും കലക്ടർ പറഞ്ഞു.