കൊച്ചി> ആഭ്യന്തര, രാജ്യാന്തര യാത്രകൾക്കായി രണ്ട് ടെർമിനലുകളുള്ള കൊച്ചി വിമാനത്താവളത്തിൽ, മൂന്നാമതൊരു ടെർമിനൽ കൂടി സജ്ജമായിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണിത്. ചാർട്ടർ വിമാനങ്ങൾക്കും സ്വകാര്യവിമാനങ്ങൾക്കും അവയിലെ യാത്രക്കാർക്കും പ്രത്യേക സേവനം നൽകുക എന്നതാണ് സാധാരണ നിലയ്ക്ക് ബിസിനസ് ജെറ്റ് ടെർമിനലുകളുടെ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാലിവിടെ ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേയ്ക്ക് കൂടി തുടക്കമാവുകയാണ്. ഇതോടെ രാജ്യത്തെ നാല് എലൈറ്റ് ക്ലബ്ബ് വിമാനത്താവളങ്ങളുടെ പട്ടികയിലേക്ക് കൊച്ചി വിമാനത്താവളവും ഉയർന്നു. ചാർട്ടർ ഗേറ്റ് വേ എന്ന ആശയം സാക്ഷാത്ക്കരിക്കപ്പെടുന്നതോടെ, ബിസിനസ് കോൺഫറൻസുകൾ, അനുബന്ധ വിനോദ സഞ്ചാരം എന്നിവ ഏകോപിപ്പിക്കാനും കുറഞ്ഞ ചിലവിൽ ചാർട്ടർ വിമാനങ്ങളെ എത്തിക്കാനും സിയാലിന് കഴിയും.
40,000 ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് സിയാലിൻറെ ബിസിനസ് ജെറ്റ് ടെർമിനൽ ഒരുക്കിയിരിക്കുന്നത്. സ്വകാര്യ കാർ പാർക്കിങ്, ഡ്രൈവ് ഇൻ പോർച്ച്, വിശാലമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലൗഞ്ചുകൾ, ചെക്ക്-ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, വിദേശ നാണയ വിനിമയ കൗണ്ടർ തുടങ്ങിയവയും ഈ ബിസിനസ് ജെറ്റ് ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, അതീവസുരക്ഷ ആവശ്യമുള്ള വിഐപി അതിഥികൾക്കായി 10,000 ചതുരശ്രയടി വിസ്തീർണത്തിൽ ഒരു സേഫ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്. വെറും 2 മിനിറ്റ് കൊണ്ട് കാറിൽ നിന്ന് എയർക്രാഫ്റ്റ് ഡോറിലേക്ക് എത്തുന്നു എന്നുള്ള പ്രത്യേകതയും ഇതിനുണ്ട്. വികസനത്തിനായുള്ള നിരവധി പദ്ധതികൾ സിയാൽ ആസൂത്രണം ചെയ്ത് വരികയാണ്. അന്താരാഷ്ട്ര കാർഗോ കോംപ്ലക്സ്, കൊമേഷ്യൽ സോൺ, പഞ്ചനക്ഷത്ര ഹോട്ടൽ എന്നിവയെല്ലാം സിയാലിൻ്റെ പണിപ്പുരയിലുണ്ട്.
ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, വ്യോമയാന മേഖലയിൽ കേരളം നേടിയിട്ടുള്ള വളർച്ചയിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. പരമാവധി കുറഞ്ഞ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാനുഭവം ഒരുക്കുക എന്ന ലക്ഷ്യത്തോട് നീതിപുലർത്താൻ സിയാലിന് കഴിയുന്നുണ്ട്. സംസ്ഥാനത്തിൻറെ മൊത്തം വിമാനയാത്രക്കാരിൽ 65 ശതമാനവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്നവരാണ്. മാത്രമല്ല, കാലോചിതമായ പുതിയ വികസന പദ്ധതികൾക്ക് മുൻകൈയ്യെടുത്ത് നടപ്പിലാക്കാനും സിയാലിന് കഴിയുന്നു.