തിരുവനന്തപുരം> വര്ഗീയതയ്ക്കെതിരെ ആരോക്കെ പോരാടുന്നുണ്ട് അവരോടൊക്കെ യോജിക്കാനാകുന്ന വിശാല വേദി ഇന്ത്യയിലുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. അതൊരു രാഷ്ട്രീയ കൂട്ടുകെട്ടെന്ന നിലയിലല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
രണ്ടാം എല്ഡിഎഫ് സര്ക്കാര് അധികാരത്തില് വന്നശേഷം വലിയ രീതിയിലുള്ള പ്രചാര വേലയാണ് സര്ക്കാരിനെതിരെ ഉണ്ടായത്.പ്രതിപക്ഷ പാര്ട്ടികളും മാധ്യമങ്ങളും ചേര്ന്ന് ആദ്യം തന്നെ വലിയ കടന്നാക്രമണത്തിലേയ്ക്ക് നീങ്ങി.ഇടതുപക്ഷമെന്ന വ്യാജേന വലതുപക്ഷത്തിന്റേയും വലതുപക്ഷത്ത് നില്ക്കുന്ന ചിലര് വലിയ രീതിയില് സര്ക്കാരിനെതിരായും പാര്ട്ടിക്കെതിരായും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരായും ഓരോ വിഭാഗത്തേയും അണിനിരത്തി ഉപയോഗിച്ചു. വിദ്യാഭ്യാസ മേഖലയുടെ പുരോഗമനപരമായ ഉള്ളടക്കം തകര്ത്ത് വിജ്ഞാന സമ്പദ്വ്യവസ്ഥയെ ഇല്ലാതാക്കി കാവിവല്ക്കരണം നടത്താനുള്ള ശ്രമം കേരളത്തില് നടപ്പാക്കാനാണ് ഗവര്ണറെ ഉപയോഗിച്ച് ശ്രമം തുടങ്ങിയതെന്നും ഗോവിന്ദന് പറഞ്ഞു.
അസംബ്ലി പാസാക്കുന്ന നിയമം ഒപ്പിടരുത് എന്ന് ഗവര്ണറോട് കോണ്ഗ്രസ് പറയുന്ന സ്ഥിതിയുണ്ടായി. കേരളത്തിന്റെ കെപിസിസി പ്രസിഡന്റ് ആര്എസ്എസിന് വേണ്ടി വാദിക്കുകയും നെഹ്റുവിനെ പോലും ആര്എസ്എസ് പ്രവര്ത്തകന് എന്ന രീതിയില് വ്യാഖ്യാനിക്കുകയും ചെയ്തപ്പോള് കോണ്ഗ്രസ് നേതൃത്വം നെഹ്റുവിനെ സംരക്ഷിക്കാനായി മുന്നോട്ടുവന്നില്ല എന്നത് നാം കണ്ടതാണ്. സിപിഐ എം തന്നെയാണ് നെഹ്റുവിനെ അപ്പോഴും പ്രതിരോധിച്ചത്. യുഡിഎഫിന്റെ ഭാഗമായി നില്ക്കുന്നവര് വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടുകൂടി യുഡിഎഫ് എന്ന സംവിധനം ഗുരുതര പ്രതിന്ധിയിലായി.
വിഴിഞ്ഞം സമരത്തെ ജനാധിപത്യപരമായ രീതിയിലാണ് കണ്ടതെന്നും ഗോവിന്ദന് മാസ്റ്റര് പറഞ്ഞു. എന്നാല്, സമരം ഒരു ഘട്ടം കഴിഞ്ഞപ്പോള് കലാപത്തിലേയ്ക്ക് ചിലര് തിരിച്ചു. കേരളത്തിലെ മന്ത്രിയുടെ പേര് നോക്കി വര്ഗീയമെന്ന സമീപനം സ്വീകരിക്കുന്നവരോട് അന്നും ഇന്നും യോജിച്ചിട്ടില്ല.സമരമിപ്പോള് അവസാനിച്ചു. കലക്കവെള്ളത്തില് മീന് പിടിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. മത്സ്യത്തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ടാണ് സര്ക്കാര് മുന്നോട്ടുപോവുക. സിപിഐ എമ്മിനും ആ നിലപാട് തന്നെയാണ്.
കേരളത്തില് നിന്നുമുള്ള എംപിമാര് കേരള സര്ക്കാരിനേയോ ജനതയേയോ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര നിലപാടുകള്ക്കെതിരെ ഒറ്റക്ഷരം മിണ്ടിയില്ല. സജി ചെറിയാന് വിഷയത്തില് നിലവില് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നയത്തെ അടിസ്ഥാനപ്പടുത്തിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലനില്ക്കുന്നത്- ഗോവിന്ദന് പറഞ്ഞു
വര്ഗീയ ശക്തികള് മേല്കൈ നേടുന്നതപകടമാണ്. എന്നാല് ജനങ്ങള് അവര്ക്ക് തക്കതായ താക്കീത് നല്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്ക്ക് വേണ്ടി ജനാധിപത്യപരമായി പ്രവര്ത്തിക്കുന്ന പാര്ട്ടിയാണ് ലീഗ്. വര്ഗീയ പാര്ട്ടിയാണേന്ന് പറഞ്ഞിട്ടില്ല. വര്ഗീയ നിലപാടുള്ളത് എസ്ഡിപിഐ പോലുള്ളവര്ക്കാണ്. അവരോട് കൂട്ടുകൂടിയ സമയങ്ങളില് ലീഗിനെ ശക്തിയായി വിമര്ശിച്ചിട്ടുണ്ടെന്നും ഗോവിന്ദന് മാസ്റ്റര് വ്യക്തമാക്കി