കോട്ടയം
ദേശാഭിമാനിയുടെ 80–-ാം വാർഷികത്തോടനുബന്ധിച്ച് കോട്ടയത്ത് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന വിപുലമായ ആഘോഷ പരിപാടികൾക്ക് വ്യാഴാഴ്ച തുടക്കമാകും. പ്രമുഖർ പങ്കെടുക്കുന്ന സെമിനാറുകളും നാടൻപാട്ട് മത്സരവും ദേശാഭിമാനി സാഹിത്യ പുരസ്കാര സമർപ്പണവും മെഗാഷോയുമടക്കം പ്രൗഢമായ പരിപാടികൾക്ക് തിരുനക്കര മൈതാനം വേദിയാകും.
വ്യാഴം രാവിലെ 10ന് വനിതാ സെമിനാറോടെ കോട്ടയത്തെ വാർഷികാഘോഷം ആരംഭിക്കും. ‘ലിംഗനീതിയും ലിംഗസമത്വവും’ എന്ന സെമിനാർ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. സെമിനാറിന് ശേഷം പകൽ രണ്ടിന് നാടൻപാട്ട് മത്സരം വിപ്ലവഗായിക പി കെ മേദിനി ഉദ്ഘാടനം ചെയ്യും.
വെള്ളി പകൽ 11 മുതൽ നാടൻപാട്ട് മത്സരം തുടരും. ‘അന്ധവിശ്വാസവും അനാചാരങ്ങളും ഇന്ത്യയിൽ’ എന്ന വിഷയത്തിൽ വൈകിട്ട് നാലിന് നടക്കുന്ന സെമിനാർ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യും.
സമാപന ദിവസമായ ശനിയാഴ്ച പകൽ മൂന്നു മുതൽ സെമിനാറും തുടർന്ന് ദേശാഭിമാനി സാഹിത്യ പുരസ്കാര സമർപ്പണവും നടക്കും. ‘മാധ്യമങ്ങളുടെ രാഷ്ട്രീയവും ജനാധിപത്യവും ഇന്ത്യയിൽ’ എന്ന സെമിനാർ മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. സെമിനാറിന് ശേഷം വൈകിട്ട് ഏഴുമുതൽ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന മെഗാഷോ അരങ്ങേറും.