തൃശൂർ
ഐതിഹാസിക കർഷക സമരത്തെത്തുടർന്ന് പ്രധാനമന്ത്രി മോദി പറഞ്ഞ വാഗ്ദാനങ്ങൾ ലംഘിച്ച് കൃഷിക്കാരെ വഞ്ചിച്ചതായി കിസാൻസഭ അഖിലേന്ത്യാ ജോ. സെക്രട്ടറി ഇ പി ജയരാജൻ പറഞ്ഞു. കാർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതുകയാണ്. ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭിക്കുന്നില്ല. സഹായങ്ങളും ലഭിക്കുന്നില്ല. ഇതിനെതിരെ കർഷകർ വീണ്ടും സമരത്തിനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ ( എ കെ ജി നഗർ) പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ പി.
കേരളത്തിൽ ഭക്ഷ്യസംസ്കൃതി വീണ്ടെടുക്കാൻ കർഷകർ ഒന്നിക്കണം. നെല്ലറകൾ വീണ്ടെടുക്കണം. ആധുനികവൽക്കരണംവഴി കൃഷിയിൽ സ്വയംപര്യാപ്തത നേടാനാവണം. നെല്ല്, തേങ്ങ, പച്ചക്കറി തുടങ്ങി മേഖലകളിൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കാനാവണം.
കേരളത്തിൽ വൻ വികസനപദ്ധതികളുമായാണ് സർക്കാർ മുന്നോട്ടുപോവുന്നത്. ദേശീയപാത വികസനം, വീടുകളിലേക്ക് പ്രകൃതി വാതക പൈപ്പ്ലൈൻ, ഇന്റർനെറ്റ് കണക്ഷനായി കെ ഫോൺ, കെ റെയിൽ തുടങ്ങി പദ്ധതികളെല്ലാം വരുംതലമുറയുടെ ജീവിതം ശോഭനമാക്കാൻ ലക്ഷ്യംവച്ചിട്ടുള്ളതാണ്. ഇത്തരം വികസനപദ്ധതികളെയെല്ലാം തകർക്കുന്ന സമീപനമാണ് ചിലർ വച്ചുപുലർത്തുന്നത്. സ്വന്തം മക്കളുടെ ജീവിതമാണ് അവർ തകർക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രധാന സ്ഥാനങ്ങളിൽ ആർഎസ്എസുകാരെ തിരുകിക്കയറ്റുകയാണ് കേന്ദ്രസർക്കാർ. പുതുതലമുറയെ വർഗീയവൽക്കരിക്കുകയാണ് ലക്ഷ്യം. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്എസും ബിജെപിയും ഇപ്പോൾ ആ പൈതൃകം അവകാശപ്പെടുകയാണ്. എന്നാൽ, ബ്രിട്ടിഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സവർക്കറെ ജനങ്ങൾ മറന്നിട്ടില്ല. ചടങ്ങിൽ സംഘാടകസമിതി ട്രഷറർ എം എം വർഗീസ് അധ്യക്ഷനായി.