ന്യൂഡൽഹി > പരീക്ഷകൾ ഹിന്ദിയിൽ മാത്രം നടത്താനുള്ള നീക്കമില്ലെന്ന് കേന്ദ്രം. പാർലമെൻറിൽ എ എ റഹീം എംപിയുടെ ചോദ്യത്തിനാണ് ആഭ്യന്തര സഹമന്ത്രിയുടെ പ്രതികരണം. സർക്കാർ തസ്തികകളിലേക്കുള്ള മത്സര പരീക്ഷകൾക്ക് ഹിന്ദി നിർബന്ധമാക്കുന്നതും, ചോദ്യപേപ്പറുകൾ ഹിന്ദിയിൽ മാത്രമാക്കാനുള്ള നീക്കത്തെ സംബന്ധിച്ചും രാജ്യസഭയിൽ എ എ റഹീം എംപിയുടെ ചോദ്യത്തിനാണ് ആഭ്യന്തരസഹമന്ത്രി അജയ് കുമാർ മിശ്രയുടെ മറുപടി. എസ്എസ്സിയുടെ പരീക്ഷകൾ ഹിന്ദിയിൽ മാത്രം നടത്താനുള്ള നിർദ്ദേശമില്ലെന്ന് കേന്ദ്ര മന്ത്രി പ്രതികരിച്ചു.
കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യയന മാധ്യമത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മാതൃഭാഷ/പ്രാദേശിക ഭാഷ എന്നിവ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസത്തിൽ കൂടുതൽ പ്രോഗ്രാമുകൾ നൽകാനും കൂടാതെ ദ്വിഭാഷാ പരിപാടികൾ വാഗ്ദാനം ചെയ്യാനും NEP വിഭാവനം ചെയ്യുന്നുവെന്ന് മന്ത്രി നൽകിയ മറുപടിയിൽ പറയുന്നു. നീക്കം ഇന്ത്യയിലെ എല്ലാ ഭാഷകളെയും പ്രോത്സാഹിപ്പിക്കാനാണെന്നും കേന്ദ്രം വ്യക്തമാക്കി.
ഔദ്യോഗിക ഭാഷ പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിനെക്കുറിച്ചുള്ള വിവിധ മാധ്യമ റിപ്പോർട്ടുകൾ വെളിപ്പെടുത്തിയതുപോലെ, മത്സര പരീക്ഷകളുടെ ഭാഷാ മാധ്യമത്തിലും ഉന്നതവിദ്യാഭ്യാസത്തിലും മാറ്റങ്ങൾ കൊണ്ടുവരാനുള്ള അജണ്ടയുമായി മുന്നോട്ടുപോകാൻ സർക്കാർ നിലവിൽ ഭയപ്പെടുന്നതായി മറുപടികളിൽ നിന്ന് വ്യക്തമാണ്. മാധ്യമ റിപ്പോർട്ട് പുറത്തുവന്നതു മുതൽ രാജ്യത്തുടനീളം പ്രതിഷേധമുയരുകയും ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ എതിർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ വിഷയം ഉന്നയിച്ചിരുന്നു. ഈ പ്രത്യേക അജണ്ട നടപ്പാക്കുന്നതിൽ നിന്ന് ബിജെപി സർക്കാരിനെ പിന്നോട്ടടിക്കുന്നത് വിവിധ കോണുകളിൽ നിന്നുള്ള ചെറുത്തുനിൽപ്പാണെന്ന് ഉറപ്പാണ്. രാജ്യത്തെ ഒന്നിപ്പിക്കുന്ന ഫെഡറലിസത്തിന്റെയും വൈവിധ്യത്തിന്റെയും ആത്മാവ് ഉയർത്തിപ്പിടിക്കുന്ന രാജ്യത്തെ എല്ലാ ജനാധിപത്യ ശക്തികളിൽ നിന്നും ഈ ചെറുത്തുനിൽപ്പ് തുടരേണ്ടതുണ്ട് എന്ന് എ എ റഹിം എം പി പ്രസ്താവനയിൽ പറഞ്ഞു.