ആലപ്പുഴ> ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണയും (21) കുട്ടിയുമാണ് മരിച്ചത്.
ചൊവ്വ വെെകിട്ട് അഞ്ചോടെയാണ് നവജാതശിശു മരണപ്പെട്ടത്. ചികിത്സാപ്പിഴവാണ് കുട്ടി മരിക്കാൻ കാരണമെന്നുകാട്ടി അമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകി. ശനിയാഴ്ചയാണ് അപർണ(22)യെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ലേബർ റൂമിലേക്ക് മാറ്റി. പകൽ മൂന്നോടെ കുഞ്ഞിന്റെ പൊക്കിൾക്കൊടി പുറത്തുവന്നെന്നും ശസ്ത്രക്രിയ വേണമെന്നും ബന്ധുക്കളെ അറിയിച്ചു. തുടർന്ന് രാംജിത്തിന്റെ അമ്മ ഗീതയിൽനിന്ന് സമ്മതപത്രം ഒപ്പിട്ടുവാങ്ങിയശേഷം അപർണയെ തീയറ്ററിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലോടെ കുട്ടി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു. ഹൃദയമിടിപ്പ് കൂടിയതിനാൽ യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. അപർണയുടെ ആദ്യപ്രസവമായിരുന്നു.
തുടർന്ന് ആശുപത്രി ജീവനക്കാരും ബന്ധുക്കളും തമ്മിൽ വാക്കേറ്റവും സംഘർഷാവസ്ഥയുമുണ്ടായി. രണ്ട് ദിവസം മുമ്പും സ്കാനിങ്ങിന് വിധേയയാക്കിയെങ്കിലും കുഴപ്പമില്ലെന്ന് ഡോക്ടർമാർ അറിയിച്ചെന്നും ബന്ധുക്കൾ പറഞ്ഞു. മുതിർന്ന ഡോക്ടർ ഉണ്ടായിരുന്നില്ലെന്നും ജൂനിയർ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയതെന്നും അതാണ് കുട്ടി മരിക്കാൻ കാരണമായതെന്നും ബന്ധുക്കൾ ആരോപിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എ അബ്ദുൾ സലാം, അമ്പലപ്പുഴ സിഐ എസ് ദ്വിജേഷ്, എയ്ഡ് പോസ്റ്റ് സീനിയർ സിപിഒ രതീഷ് ബാബു എന്നിവരുൾപ്പെട്ട സംഘമെത്തി രംഗം ശാന്തമാക്കുകയായിരുന്നു.