തിരുവനന്തപുരം> വിഴിഞ്ഞം സമരത്തിന്റെ മറവിൽ കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ തകർക്കാനുള്ള ശ്രമങ്ങളെയും സംസ്ഥാന സർക്കാരിനെതിരായ നീക്കങ്ങളെയും വർഗീയ നിലപാടുകളെയും തുറന്നുകാട്ടി നിയമസഭയിൽ എൽഡിഎഫ് അംഗങ്ങൾ. തുറമുഖ സമരവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് വികസന വിരുദ്ധരെയും പ്രതിപക്ഷ ഇരട്ടത്താപ്പിനെയും എൽഡിഎഫ് അംഗങ്ങൾ വലിച്ചുകീറിയത്.
വിഴിഞ്ഞം സമരത്തിന്റെ മറവിൽ ചിലർ വിമോചന സമര സ്വപ്നം കാണുകയാണെന്ന് വി ജോയി എംഎൽഎ പറഞ്ഞു. വിമോചനസമരത്തിന്റെ പരിപ്പ് വേവിച്ചെടുക്കാനാകുമോ എന്നാണ് മോഹിക്കുന്നത്. അത് മലർപ്പൊടിക്കാരന്റെ സ്വപ്നമാകും. തീവ്രവാദ സ്വഭാവത്തോടെയാണ് ചില വൈദികർ പ്രസംഗിച്ചത്. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ കത്തിച്ചിട്ടുണ്ടെന്നായിരുന്നു ഒരാൾ പറഞ്ഞത്. ഇത്തരം സമരങ്ങൾ ശരിയോയെന്ന് പരിശോധിക്കണം. പ്രമേയാവതാരകനായ എം വിൻസന്റിനും യുഡിഎഫിനും വിഷയത്തിൽ ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖനിർമാണത്തെ എതിർക്കുന്നോ അനുകൂലിക്കുന്നോ എന്നതിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സജി ചെറിയാൻ ആവശ്യപ്പെട്ടു. യുഡിഎഫിൽ യോജിച്ച തീരുമാനമില്ല. സംസ്ഥാനത്തിന്റെ സാമ്പത്തികവളർച്ചയിൽ തുറമുഖം കുതിച്ചുചാട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖം തകർക്കുകയെന്നത് ചിലരുടെ അജൻഡയാണെന്നും മത്സ്യത്തൊഴിലാളികൾക്ക് പുനരധിവാസം ഉറപ്പാക്കിയത് എൽഡിഎഫാണെന്നും മുഹമ്മദ് മുഹ്സിൻ പറഞ്ഞു. തുറമുഖവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുതലെടുപ്പ് നടത്തരുതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നത് പിണറായി സർക്കാരാണെന്നായിരുന്നു തോമസ് കെ തോമസിന്റെ അഭിപ്രായം.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷാംഗങ്ങളായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.