ഗൊൺസാലോ റാമോസിന്റെ ഹാട്രിക് മികവിൽ പോർച്ചുഗൽ ലോകകപ്പ് ക്വാർട്ടറിലേക്ക് കുതിച്ചു. പ്രീക്വാർട്ടറിൽ ഒന്നിനെതിരെ ആറുഗോളിനാണ് സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ചത്. സ്പെയ്നിനെ അട്ടിമറിച്ച് മുന്നേറിയ മൊറോക്കോയാണ് ക്വാർട്ടറിൽ എതിരാളികൾ. ഷൂട്ടൗട്ടിൽ മൂന്ന് ഗോൾ ജയത്തോടെയാണ് മൊറോക്കോ ആദ്യമായി ക്വാർട്ടറിലേക്ക് മുന്നേറിയത്.
നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. ഷൂട്ടൗട്ടിൽ സ്പെയ്നിന്റെ മൂന്ന് കിക്കും പാഴായി. രണ്ടെണ്ണം രക്ഷപ്പെടുത്തിയ ഗോൾകീപ്പർ യാസിനെ ബോണോ വീരനായകനായി. ആദ്യ കിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. മൊറോക്കോയുടെ നാലിൽ മൂന്ന് കിക്കും വലയിലെത്തി.
മൊറോക്കോ 120 മിനിറ്റും മുൻ ചാമ്പ്യൻമാരെ പ്രതിരോധപാഠങ്ങൾ പഠിപ്പിച്ചു. ഒപ്പം അവസരം കിട്ടുമ്പോൾ സ്പാനിഷ് ഗോൾമുഖം വിറപ്പിച്ചു.
ലോകകപ്പിൽ അവശേഷിക്കുന്ന ഏക ആഫ്രിക്കൻ പ്രതിനിധിയാണ് മൊറോക്കോ. കളിയുടെ മുക്കാൽപ്പങ്കും പന്ത് കൈവശംവച്ച സ്പെയ്ൻ 1019 പാസും 29 ക്രോസുമാണ് നൽകിയത്. എന്നാൽ, അവസാനശ്വാസംവരെ പിടിച്ചുനിന്ന മൊറോക്കോ, പൊരുതുന്ന ആഫ്രിക്കയുടെ അഭിമാനമായി. ലോകകപ്പ് ചരിത്രത്തിൽ ക്വാർട്ടറിൽ കടക്കുന്ന നാലാമത്തെ ആഫ്രിക്കൻ ടീമാണ് മൊറോക്കോ.
സ്വിറ്റ്സർലൻഡിനെതിരെ പോർച്ചുഗലിനായി പെപെയും റാഫേൽ ഗുറെയ്റോ, റാഫേൽ ലിയാവോ എന്നിവരും ഗോളടിച്ചു. മാനുവൽ അക്കാഞ്ഞിയുടെ വകയായിരുന്നു സ്വിറ്റ്സർലൻഡിന്റെ ആശ്വാസം.