കൊച്ചി > ഒടുവിൽ മുഖ്യധാര മലയാള മാധ്യമങ്ങൾ ആ വാർത്ത അറിഞ്ഞു. വയനാട് മേപ്പാടി പോളിടെക്നിക് കോളേജിൽ നാല് ദിവസം മുൻപ് എസ്എഫ്ഐ വനിതാ നേതാവിന് മർദനമേറ്റിരുന്നുവെന്ന്. കെഎസ്യു – എംഎസ്എഫ് ലഹരിസംഘത്തിന്റെ ക്രൂര മർദനമേറ്റ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരി ആശുപത്രിയിൽ ചികിത്സയിലാണെന്നും അറിഞ്ഞു. വനിതാ നേതാവിനെ മർദിച്ച പ്രതികളിൽ ഒരാൾക്ക് മർദനമേറ്റതോടെയാണ് മലയാള മനോരമയും മാതൃഭൂമിയുമടക്കമുള്ള മാധ്യമങ്ങൾ സംഭവം വാർത്തയാക്കിയത്. പ്രതികൾ കെഎസ്യു പ്രവർത്തകരാണെന്ന വിവരവും ഇപ്പോൾ നൽകുന്ന വാർത്തകളിൽ പുറത്തുവരുന്നു.
വെള്ളിയാഴ്ച പകൽ ഒന്നരയോടെയാണ് മേപ്പാടി കോളേജിൽ യുഡിഎസ്എഫ് സംഘം അപർണയെ ക്രൂരമർദനത്തിന് ഇരയാക്കിയത്. പിന്നാലെ എസ്എഫ്ഐ ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒരു ക്യാമ്പസിനുള്ളിൽ പെൺകുട്ടി ലഹരിസംഘത്തിന്റെ ക്രൂര മർദനത്തിന് ഇരയായിട്ടും മനോരമ അടക്കമുള്ള മാധ്യമങ്ങൾ കണ്ടഭാവം നടിച്ചിരുന്നില്ല. കെഎസ്യു എംഎസ്എഫ് പിന്തുണയുള്ള സംഘമായിരുന്നു അക്രമത്തിന് പിന്നിൽ എന്നതുകൊണ്ട് തന്നെ സംഭവം പുറംലോകം അറിയാതിരിക്കാനാണ് പ്രമുഖ പത്രങ്ങളും ചാനലുകളും ശ്രമിച്ചത്. പ്രതികളും യുഡിഎഫ്എഫ് പ്രവർത്തകരും ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഇതെല്ലാം സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിരുന്നു.
അബോധാവസ്ഥയിലായിരുന്നു അപർണയെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ് ആശുപത്രിക്കിടക്കയിലുള്ള അപർണയുടെ ചിത്രങ്ങളും പുറത്തുവന്നു. നിഷ്പക്ഷമെന്നവകാശപ്പെടുന്ന മാധ്യമങ്ങളെല്ലാം സംഭവം മൂടിവയ്ക്കുകയാണുണ്ടായത്.
പോളിടെക്നിക് യൂണിയൻ തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപായിരുന്നു അക്രമണം. കോളേജിൽ എസ്എഫ്ഐ ചുമതലയുണ്ടായിരുന്ന അപർണ കോളേജ് പരസരത്ത് ഒറ്റക്ക് ഇരിക്കുന്നതിനിടെയാണ് “ട്രാബിയോക്’ എന്ന മയക്കുമരുന്ന് ഗ്യാങ് യുഡിഎസ്എഫ് നേതാക്കൾക്കൊപ്പം അപർണക്ക് നേരെ പാഞ്ഞെടുത്ത് അക്രമിച്ചത്.
അപർണയുടെ മുടിക്ക് കുത്തിപിടിച്ച് കോളേജിനോടുളള മതിലിനോട് ചേർത്ത് നിർത്തി വടികൊണ്ട് അടക്കം അടിക്കുകയും മതിലിൽ നിന്ന് താഴെക്ക് തള്ളിയിടുകയും ചെയ്തു. ദേഹത്ത് ചവിട്ടുകയും ചെയ്തു. ബഹളം കേട്ട് എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെയാണ് അപർണയെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. തലയ്ക്കും നെഞ്ചത്തും കഴുത്തിനുമെല്ലാം പരിക്കേറ്റ അപർണയെ അർധ ബോധാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോളേജിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. എസ്എഫ്ഐയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ കോളേജിൽ പ്രചാരണം നടത്തുന്നതിൽ സംഘം പലപ്പോഴും പ്രകോപനം സൃഷ്ടിക്കാറുണ്ടായിരുന്നു. ഇതിനിടിയിലാണ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ യുഡിഎസ്എഫ് “ട്രാബിയോക്’ എന്ന ഈ ഗ്യാങ്ങുമായി ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിന് പിന്നാലെയായിരുന്നു അക്രമം.