തിരുവനന്തപുരം> സിനിമയ്ക്കിടെ കുഞ്ഞു കരഞ്ഞാൽ രക്ഷിതാക്കൾ ഇനി തീയറ്റർ വിടേണ്ട. കേരള സ്റ്റേറ്റ് ഫിലി ഡെവലപ്മെന്റ് കോർപറേഷന്റെ (കെഎസ്എഫ്ഡിസി) ക്രൈറൂമിലിരുന്നു കുഞ്ഞുങ്ങളുമായി സിനിമ കാണാം. തിരുവനന്തപുരം കൈരളി തിയേറ്റർ കോംപ്ലക്സിലാണ് ‘ക്രൈയിങ് റൂം’ എന്ന പേരിൽ പ്രത്യേക മുറി സജ്ജീകരിച്ചിരിക്കുന്നത്. സിനിമ കാണുന്നതിനിടെ കുഞ്ഞുങ്ങൾ കരഞ്ഞാൽ തിയേറ്റർ വിടുന്നതിന് പകരം ഇനി മുതൽ ഈ മുറി പ്രയോജനപ്പെടുത്താം.
ശബ്ദം പുറത്തേക്ക് കേൾക്കാത്ത രീതിയിൽ നിർമ്മിച്ച ക്രൈറൂമിൽ, തൊട്ടിലും ഡയപ്പർ മാറ്റാനുമുള്ള സൗകര്യവുമുണ്ട്. കൂടാതെ കുഞ്ഞുമായി ക്രൈറൂമിലിരുന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സിനിമ കാണാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സർക്കാർ തീയറ്ററുകൾ വനിതാ ശിശു സൗഹാർദ്ദ തീയറ്ററുകളായി മാറ്റുന്നതിന്റെ ഭാഗമായി കെഎസ്എഫ്ഡിസി തിരുവനന്തപുരം കൈരളി തിയറ്റർ കോംപ്ലക്സിൽ ക്രൈറൂം സജ്ജീകരിച്ചതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കെഎസ്എഫ്ഡിസി ക്രൈറൂമുകൾ കൂടുതൽ തീയറ്ററുകളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവർത്തനത്തിലാണെന്നും മന്ത്രി അറിയിച്ചു.