തിരുവനന്തപുരം> ചരിത്രം സൃഷ്ടിച്ച് കേരള നിയമസഭ. ഇത്തവണ സ്പീക്കര്‍ പാനല്‍ പൂര്‍ണമായും വനിതകളാണ്. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരെ പാനലില്‍ ഉള്‍പ്പെടുത്തി. പ്രതിപക്ഷത്തു നിന്നും കെ കെ രമയും പാനലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍ ഇടംപിടിക്കുന്നത്.
സ്പീക്കര്‍ ഇല്ലാത്ത വേളയില്‍ സഭ നിയന്ത്രിക്കുക ഈ പാനലില്‍ ഉള്‍പ്പെട്ടവരാണ്. സ്പീക്കര്‍ എ എന്‍ ഷംസീറാണ് വനിതാ പാനല്‍ എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എ എന്‍ ഷംസീര്‍ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിതെന്ന പ്രത്യേകതയുമുണ്ട്.
സാധാരണഗതിയില്‍ 3 പേര് അടങ്ങുന്ന പാനലില്‍ പരമാവധി ഒരു വനിത അംഗം മാത്രമാണ് ഉള്‍പ്പെടാറുള്ളത്. ഒരു സമ്മേളനത്തില്‍ത്തന്നെ പാനലിലെ 3 അംഗങ്ങളേയും വനിതകളില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടത് കേരള നിയമസഭയില്‍ ആദ്യമായിട്ടാണ്. ഒന്നാം കേരള നിയമസഭ മുതല്‍ സഭയുടെ നടപ്പുസമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ പാനലില്‍ വന്നതില്‍ കേവലം 32 വനിതകള്‍ക്കു മാത്രമാണ് അവസരം ലഭ്യമായിട്ടുള്ളത്. ഈ അവസരത്തിലാണ് സ്പീക്കറുടെ തീരുമാനത്തിനുള്ള പ്രസക്തി.