തിരുവനന്തപുരം > ഇന്ന് ഇന്ത്യയിലെ ഏറ്റവും മികവാര്‍ന്ന പൊതു വിദ്യാഭ്യാസ മേഖല കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഊരൂട്ടമ്പലം യുപി സ്കൂള്‍ അയ്യങ്കാളി – പഞ്ചമി സ്മാരക സ്കൂള്‍ എന്ന് മാറ്റി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടാണ് പഞ്ചമിയുടെ സ്കൂള്‍ പ്രവേശനം. വര്‍ത്തമാനകാല പ്രാധാന്യം ഈ ചടങ്ങിനുണ്ടെന്നും കെട്ടുകഥകള്‍ക്ക് പ്രാധാന്യം നല്കുന്ന കാലമാണിതെന്നും കെട്ടുകഥകളെ ചരിത്ര സംഭവമാക്കി അവതരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേക വിഭാഗത്തിന്റെ മാത്രമായി ചരിത്രത്തെ മാറ്റിയെടുക്കാനുള്ള ഗൂഢശ്രമം നടക്കുന്നു.ചരിത്ര സ്മാരകങ്ങളുടെ പേരുകള്‍ പോലും ഇതിന്റെ ഭാഗമായി മാറ്റാന്‍ തയ്യാറാകുന്നു. ജാതി വിവേചനങ്ങള്‍ക്കെതിരെ പടനയിച്ച അയ്യങ്കാളിയുടെ സ്മരണ കെടാതെ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് വലിയ മുന്നേറ്റം കൈവരിക്കാനായി. കൊവിഡ് ഘട്ടത്തിലും സ്തംഭിക്കാതെ മുന്നേറി
ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കി. സര്‍ക്കാരും ജനങ്ങളും ഒന്നിച്ചു നീങ്ങുന്ന കാഴ്ചയാണ് ഉണ്ടായത്. കേന്ദ്ര ബോര്‍ഡുകള്‍ പോലും പരീക്ഷ വേണ്ടെന്ന് വച്ചപ്പോള്‍ സംസ്ഥാനം വിജയകരമായി പരീക്ഷകള്‍ നടത്തി.
2016 ല്‍ എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പല സ്കൂളുകളും അടച്ചു പൂട്ടലിന്റെ വക്കിലായിരുന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികവാര്‍ന്ന പൊതു വിദ്യാഭ്യാസ മേഖല കേരളത്തിലാണ്. കഴിഞ്ഞ 6 വര്‍ഷത്തില്‍ 10 ലക്ഷത്തിലധികം കുട്ടികള്‍ പൊതു വിദ്യാലയങ്ങളില്‍ വന്നുചേര്‍ന്നെന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്കൂളുകള്‍ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഇപ്പോള്‍ ഒരുക്കിയിരിക്കുന്നു. ഏതെങ്കിലും ഓണം കേറാമൂല എന്ന് വിശേഷിപ്പിക്കുന്ന സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ അവിടത്തെ സ്കൂളുകളും ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുക സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.