തൃശൂർ> സാഹിത്യ ഉത്സവങ്ങൾ ഭക്ഷ്യമേളയായി മാറിയതായി എഴുത്തുകാരൻ എൻ എസ് മാധവൻ. ഇക്കാര്യം എംടിയും അടുത്തിടെ പറയുകയണ്ടായി. നഷ്ടപ്പെടുന്ന സാഹിത്യ ഉത്സവങ്ങൾ തിരിച്ചുപിടിക്കാൻ പുസ്തകോത്സവങ്ങൾ കഴിയണം. കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. വായന കുറഞ്ഞുവരികയാണ്. ദൃശ്യങ്ങളിലേക്ക് കണ്ണുകൾ പായുന്നു. എഴുത്തുകാരുടെ ചിന്തയ്ക്കും മനനത്തിനും അന്തരീക്ഷം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ അദ്ധ്യക്ഷനായി. ടി എൻ പ്രതാപൻ എം പി, മേയർ എം കെ വർഗീസ്, കലക്ടർ ഹരിത വി കുമാർ എന്നിവർ വിശിഷ്ടാതിഥികളായി. പുസ്തകോത്സവത്തിന്റെ ഔദ്യോഗി കബുള്ളറ്റിൻ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, അക്കാദമി നിർവ്വാഹകസമിതിയംഗം വിജയലക്ഷ്മിക്കു നൽകി പ്രകാശനം ചെയ്തു. സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, മാനേജർ ജെസി ആന്റണി എന്നിവർ സംസാരിച്ചു.
സ്കേപ്സ്- സിറ്റി സ്കെച്ചസ് എന്ന ചിത്രപ്രദർശനം മദനൻ ഉദ്ഘാടനം ചെയ്തു. ഡോ. എം എൻ വിനയകുമാർ അധ്യക്ഷനായി. ഡോ. കവിതാ ബാലകൃഷ്ണൻ, വിനയ് ലാൽ, ഒ രാധിക എന്നിവർ സംസാരിച്ചു. കെ ജെ ചക്രപാണി സിനിമയും കർണാടകസംഗീതവും എന്ന സംഗീതപരിപാടി അവതരിപ്പിച്ചു. തുടർദിവസങ്ങളിൽ കലാമത്സരങ്ങളും സെമിനാറുകളും നാടകങ്ങളും സംഗീതപരിപാടികളും അരങ്ങേറും.