കണ്ണൂർ> വിജ്ഞാനം സാമൂഹ്യമാറ്റത്തിനെന്ന സന്ദേശം പകർന്ന് 2023 ജനുവരി ഒന്നു മുതൽ മൂന്നുവരെ കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ഗ്രന്ഥശാലകളുടെ ഉത്സവമാകും. ലൈബ്രറികളുടെ സമഗ്രവികസനത്തിനുള്ള ആശയം രൂപപ്പെടുത്തുന്ന ചർച്ചകളുണ്ടാകും. ലൈബ്രറികളെ പുസ്തകപ്പുരകളെന്നതിനപ്പുറം വിനോദ, വിജ്ഞാന കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യം. നിരവധി പൊതുസ്ഥാപനങ്ങളുടെയും സംഘടനകളുടെയും കൂട്ടായ സംരംഭമാണ് ലൈബ്രറി കോൺഗ്രസ്. തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കും. 13 വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെഷനുകളുണ്ടാകും.കണ്ണൂർ സർവകലാശാലയാണ് ആതിഥ്യം വഹിക്കുന്നത്. ജനുവരി ഒന്നിന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
ചരിത്രത്തിലാദ്യം
ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ ലൈബ്രറി കോൺഗ്രസിന് രാജ്യത്ത് ഏറ്റവും കൂടുതൽ ഗ്രന്ഥശാലകളുള്ള കണ്ണൂർ ജില്ലയിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.1,500 സെമിനാർ. 29ന് അന്താരാഷ്ട്ര പുസ്തകോത്സവവും പ്രദർശനവും തുടങ്ങും. പ്രദർശന നഗരിയിൽ സംഘഗാന മത്സരം, കലാപരിപാടികൾ, സാംസ്കാരികസദസ്, ക്വിസ്, യുവഗായകരുടെ സംഗമം എന്നിവയുണ്ടാകും. ജനുവരി ഒന്നിന് വൈകിട്ട് അഞ്ചിന് 50 ലൈബ്രറികളും സാംസ്കാരികോത്സവവും ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യും.
സീതാറാം യെച്ചൂരി, എം എ ബേബി, ശശി തരൂർ, ഇർഫാൻ ഹബീബ്, പ്രഭാത് പട്നായിക്, ജയതി ഘോഷ്, വി കെ രാമചന്ദ്രൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. കവി സച്ചിദാനന്ദനും പ്രഭാഷകൻ സുനിൽ പി ഇളയിടവും ഉൾപ്പെടെയുള്ളവർ സംസ്കാരികരംഗത്തെ സെഷൻ കൈകാര്യംചെയ്യും. ലോകപ്രശസ്ത കലാകാരന്മാരും എത്തും.
വി ശിവദാസൻ എംപി (ചെയർമാൻ), ടി കെ ഗോവിന്ദൻ (ജനറൽ കൺവീനർ) പ്രൊ. ഗോപിനാഥ് രവീന്ദ്രൻ (അക്കാദമിക് ചെയർമാൻ), പി പി ദിവ്യ (വർക്കിങ് പ്രസിഡന്റ്), പി കെ വിജയൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായ സംഘാടകസമിതിക്കാണ് നടത്തിപ്പ് ചുമതല.
രജിസ്ട്രേഷൻ 10 വരെ
ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർചെയ്യാനുള്ള അവസാന തീയതി 10 വരെ നീട്ടി. പ്രതിനിധികളാകാൻ താൽപ്പര്യമുള്ളവർ ഉടൻ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കണമെന്ന് സംഘാടകസമിതി അറിയിച്ചു. http://peoplesmission.in/ എന്ന വെബ്സൈറ്റിൽ ഓൺലൈനായും രജിസ്റ്റർചെയ്യാം. ഫോൺ: 9207991907.