തിരുവനന്തപുരം
സംസ്ഥാനത്തെ സർവകലാശാലകളിലെ ചാൻസലർ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധനെ നിയമിക്കുന്നതിന് സർവകലാശാലാ നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുന്ന നിയമനിർമാണം നടത്തും. കരട് ബിൽ മന്ത്രിസഭായോഗം അംഗീകരിച്ചു.
കേരള, മഹാത്മാഗാന്ധി, കൊച്ചി, കലിക്കറ്റ്, കണ്ണൂർ, ശങ്കരാചാര്യ, തുഞ്ചത്തെഴുത്തച്ഛൻ മലയാള, കേരള ഡിജിറ്റൽ, ശ്രീനാരായണഗുരു ഓപ്പൺ, കേരള കാർഷിക, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ്, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, കേരള ആരോഗ്യ, എപിജെ അബ്ദുൾകലാം സർവകലാശാലകളുടെ നിയമങ്ങളിലാണ് ഭേദഗതി വരുത്തുക. ഭരണഘടനാ ചുമതലകൾ നിറവേറ്റേണ്ട ഗവർണറെ സർവകലാശാലകളുടെ തലപ്പത്ത് ചാൻസലറായി നിയോഗിക്കുന്നത് ഉചിതമാകില്ലെന്ന പൂഞ്ചി കമീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കരട് ബിൽ തയ്യാറാക്കിയിട്ടുള്ളത്.
ചാൻസലർക്കെതിരെ ഗുരുതരമായ പെരുമാറ്റദൂഷ്യ ആരോപങ്ങൾ ഉണ്ടായാൽ ചുമതലകളിൽനിന്ന് നീക്കംചെയ്യാൻ സർക്കാരിന് അധികാരമുണ്ടാകുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജായിരുന്ന ആൾ നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനം. നേരത്തെ ചാൻസലർ പദവിയിലേക്ക് വിദഗ്ധരെ നിയോഗിക്കുന്നത് ഉറപ്പാക്കാനുള്ള നിയമ ഭേദഗതി ഓർഡിനൻസ് മന്ത്രിസഭാ യോഗം അംഗീകരിച്ച് ഗവർണർക്ക് കൈമാറിയിരുന്നു. ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഇതിൽ ഒപ്പിട്ടിരുന്നില്ല.