ശബരിമല
ശബരി സന്നിധിയെ സംഗീത സാന്ദ്രമാക്കി ഡ്രംസ് മാന്ത്രികൻ ശിവമണി. സോപാന സംഗീതവും പാശ്ചാത്യ സംഗീതവും ശിവമണിയുടെ നാദവിസ്മയത്തിൽ സമന്വയിച്ചു. മലയാളികളുടെ പ്രിയ ഗായകൻ വിവേക് ആനന്ദും ഒപ്പംകൂടി.
ശംഖുവിളിയോടെ സന്നിധാനം ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ ചൊവ്വ രാത്രി പത്തിനാണ് സംഗീതവിരുന്ന് ആരംഭിച്ചത്. കീ ബോർഡുമായി പ്രകാശ് ഉള്ളിയേരിയും സംഘവും നാദവിസ്മയത്തിൽ പങ്കുചേർന്നു. 1984 മുതൽ തുടർച്ചയായി മണ്ഡലകാലത്ത് ശിവമണി ശബരിമല സന്ദർശനം നടത്തുന്നു. പിറന്നാൾ ദിനമായ ഡിസംബർ ഒന്നിന് മുടങ്ങാതെ മലചവിട്ടാറുണ്ടെങ്കിലും നിയന്ത്രണങ്ങൾമൂലം കഴിഞ്ഞ മൂന്നുവർഷം എത്തിയില്ല. ഇക്കുറി പിറന്നാളിന് രണ്ടുദിവസം മുമ്പേ എത്തി പിറന്നാൾ ആഘോഷിച്ച ശേഷമേ മലയിറങ്ങൂ.