തിരുവനന്തപുരം> കാലികപ്രസക്തമായതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായിരിക്കണം ഗവേഷണമെന്ന് എ എ റഹീം എം പി. ആൾ കേരള റിസർച്ച് സ്കോളേഴ്സ് അസോസിയേഷൻ (എകെആർഎസ്എ) കേരളസർവകലാശാല യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രബോധവും ചരിത്രബോധവും ഇല്ലാതാക്കുക എന്ന സംഘപരിവാർ അജണ്ടയെ എതിർത്ത് തോൽപ്പിക്കേണ്ടത് ഗവേഷകരുടെ കടമയാണ്. സംഘ പരിവാർ ഏറ്റവും കൂടുതൽ ഭയക്കുന്നത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ്. സർവകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും കാവിവൽക്കരിക്കുക എന്ന ആർഎസ്എസ് അജണ്ടയാണ് രാജ്ഭവനുകൾ വഴി കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
കേരളത്തിൻ്റെ സമഗ്രപുരോഗതിയും മെച്ചപ്പെട്ട ഭാവിയും തടയുക എന്ന സങ്കുചിത ലക്ഷ്യത്തോടെയാണ് സംഘപരിവാറും വലതുപക്ഷ ശക്തികളും സർവകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യവും സ്വയംഭരണവും ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. തീവ്രവലതുപക്ഷം സൃഷ്ടിച്ചിട്ടുള്ള പോസ്റ്റ്ട്രൂത്ത് വ്യവഹാരങ്ങൾ സമൂഹത്തിനെ തെറ്റായ ദിശയിലേക്ക് നയിക്കുകയാണ്. സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ് ഗവേഷകർ ശ്രമിക്കേണ്ടത്. ശരിയായ ശാസ്ത്രബോധവും ചരിത്രബോധവും ആഴത്തിലുള്ള അറിവും സാമൂഹിക പുരോഗതിയ്ക്ക് അനിവാര്യമാണ്.
ഗവേഷണരംഗത്ത് ഭരണഘടനാനുസൃതമായ സംവരണം നടപ്പാക്കുക. ഗവർണ്ണറുടെ ഏകാധിപത്യ നിലപാടുകൾക്കെതിരായി ജനാധിപത്യ പ്രക്ഷോഭം ശക്തിപ്പെടുത്തുക, സർവകലാശാലയിൽ ലിംഗസമത്വം നടപ്പിലാക്കുക, ഉന്നത വിദ്യാദ്യാസ രംഗത്തെ കാവിവൽക്കരണവും കച്ചവടവൽക്കരണവും തടയുക, കേന്ദ്രസർക്കാരും യുജിസിയും നിർത്തലാക്കിയ ഗവേഷണ ഫെലോഷിപ്പുകൾ പുന:സ്ഥാപിക്കുക. എന്നീ വിഷയങ്ങളിൽ കൺവെൻഷൻ പ്രമേയം പാസാക്കി.
പുതിയ ഭാരവാഹികളായി ഘോഷ് കെ എസ് (കൺവീനർ) അഭിരാമി, നവീൻ (ജോയിൻ കൺവീനർമാർ) എന്നിവരെ തെരെഞ്ഞെടുത്തു. എകെആർഎസ്എ സംസ്ഥാന കൺവീനർ ജീവൻ, എസ് എഫ് ഐ ജില്ലാസെക്രട്ടറി ഗോകുൽ ഗോപിനാഥ്, എകെആർഎസ്എ കേരളസർവകലാശാല കാമ്പസ് കൺവീനർ നജീബ് എസ് ഗവേഷകയൂണിയൻ ചെയർമാൻ ജിബിൻ ഫ്രാൻസിസ്, കൃഷ്ണദാസ്, മായ എന്നിവർ സംസാരിച്ചു.