അഹമ്മദാബാദ്> ഒരോവറിൽ ആറല്ല, ഏഴ് സിക്സർ പറത്തി റെക്കോഡിട്ട് ഋതുരാജ് ഗെയ്ക്ക്വാദ്. വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ട്രോഫിയിൽ ഉത്തർപ്രദേശിന്റെ ഇടംകൈയൻ സ്പിന്നർ ശിവ സിങ്ങിനെതിരെയാണ് ഗെയ്ക്ക്വാദിന്റെ തകർപ്പൻ പ്രകടനം. ഒരു നോബോൾ ഉൾപ്പെട്ട ഓവറിലെ എല്ലാ പന്തും മഹാരാഷ്ട്രക്കാരൻ സിക്സിലേക്ക് പായിച്ചു. ആകെ നേടിയത് 43 റൺ. നിശ്ചിത ഓവർ ക്രിക്കറ്റിൽ (ട്വന്റി 20, ഏകദിനം) ആദ്യമായാണ് ഒരു താരം ഈ നേട്ടം സ്വന്തമാക്കുന്നത്. കളിയുടെ 49–-ാംഓവറിലായിരുന്നു സിക്സർ പെരുമഴ. ഗെയ്ക്ക്വാദ് 159 പന്തിൽ 220 റണ്ണുമായി പുറത്താകാതെനിന്നു. ആകെ 16 സിക്സും 10 ഫോറും ഇരുപത്തഞ്ചുകാരൻ നേടി. കളിയിൽ മഹാരാഷ്ട്ര 58 റണ്ണിന് ജയിച്ചു.
ലോകക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ സിക്സർ പറത്തിയ റെക്കോഡ് ന്യൂസിലൻഡ് മുൻ വിക്കറ്റ് കീപ്പർ ലീ ജെർമന്റെ പേരിലാണ്. 1990ൽ ഒന്നാംക്ലാസ് ക്രിക്കറ്റിൽ എട്ട് സിക്സറാണ് ജെർമൻ പറത്തിയത്. 17 നോബോൾ ഈ ഓവറിൽ ഉൾപ്പെട്ടു. ആകെ 77 റണ്ണടിച്ചു ന്യൂസിലൻഡുകാരൻ.