ദോഹ> ഉറുഗ്വേ പരീക്ഷയും കടന്ന് പോർച്ചുഗലിന്റെ പടയോട്ടം. ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ടഗോളിലാണ് ജയം. തുടർച്ചയായ രണ്ടാം ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും പ്രീ ക്വാർട്ടറിൽ കടന്നു. ഫ്രാൻസിനും പോർച്ചുഗലിനും ശേഷം അവസാന പതിനാറ് ഉറപ്പിക്കുന്ന മൂന്നാമത്തെ ടീം. ഗ്രൂപ്പ് എച്ചിൽ ആറ് പോയിന്റുമായി ഒന്നാമത് തുടർന്നു. ഉറുഗ്വേയുടെ നില പരുങ്ങലിലായി. ഒരു പോയിന്റുമായി അവസാന സ്ഥാനത്താണ്. ഡിസംബർ രണ്ടിന് പട്ടികയിൽ രണ്ടാമതുള്ള ഘാനയുമായാണ് ഉറുഗ്വേയുടെ അടുത്ത മത്സരം. പോർച്ചുഗൽ അന്നുതന്നെ ദക്ഷിണ കൊറിയയെ നേരിടും.
ലുസെയ്ൽ സ്റ്റേഡിയത്തിൽ തണുപ്പൻ തുടക്കമായിരുന്നു പോർച്ചുഗലും ഉറുഗ്വേയും. പ്രതിരോധം സുരക്ഷിതമാക്കിയുള്ള നീക്കങ്ങൾക്ക് വേഗമുണ്ടായില്ല. ഉറുഗ്വേ മധ്യനിരക്കാരൻ റോഡ്രിഗോ ബെന്റാങ്കുറിനാണ് ആദ്യപകുതിയിൽ സുവർണാവസരം കിട്ടിയത്. പോർച്ചുഗൽ പ്രതിരോധക്കാരെ വകഞ്ഞുമാറ്റി ഇരുപത്തഞ്ചുകാരൻ തൊടുത്ത ഷോട്ട് പക്ഷേ നേരേ ഗോൾകീപ്പർ ദ്യേഗോ കോസ്റ്റയുടെ കൈയിലായി. റൊണാൾഡോയും ജോവോ ഫെലിക്സും ഉൾപ്പെട്ട മുന്നേറ്റനിരയ്ക്ക് ആദ്യപകുതിയിൽ എതിർവലയിലേക്ക് ഒരുതവണ പോലും പന്തയക്കാനായില്ല. ലോകകപ്പ് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഒറ്റ ഷോട്ട് പോലും ഉതിർക്കാതെ പോർച്ചുഗൽ ഇടവേളക്ക് പിരിഞ്ഞത്.
2002ൽ ദക്ഷിണ കൊറിയക്കെതിരെയും 2010ൽ ഐവറികോസ്റ്റിനെതിരെയുമായിരുന്നു ഇതിന്മുമ്പ് നിരാശപ്പെടുത്തിയത്.
രണ്ടാംപകുതിയുടെ തുടക്കമാണ് ബ്രൂണോ ആദ്യ ഗോൾ നേടിയത്. ഇടതുപാർശ്വത്തിൽനിന്നും മധ്യനിരക്കാരന്റെ ലോങ്റേഞ്ച് റൊണാൾഡോ ഹെഡ്ഡർ ചെയ്യാൻ ശ്രമിച്ചെങ്കിലും നേരിട്ട് വലകയറി. ആദ്യം റൊണാൾഡോയുടെ പേരിലായിരുന്നു ഗോളനുവദിച്ചത്. പിന്നാലെ വീഡിയോ പരിശോധനയിൽ തിരുത്തി.
ഒരു ഗോൾ വഴങ്ങിയതോടെ ഉറുഗ്വേ ഉണർന്നു. നിരന്തരമുള്ള ആക്രമണം പക്ഷേ പൂർണതയിൽ എത്തിയില്ല. മരിയോ ഗോമെസിന്റെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങി. ലൂയിസ് സുവാരസ് പകരക്കാരനായി കളത്തിൽ എത്തിയിട്ടും കളിഗതി മാറിയില്ല. പരിക്കുസമയം ബോക്സിൽ ജോസെ മരിയ ജിമിനെസിന്റെ കൈയിൽ പന്തുതട്ടിയതിന് പോർച്ചുഗലിന് പെനൽറ്റി. കിക്കെടുത്ത ബ്രൂണോയ്ക്ക് പിഴച്ചില്ല. പോർച്ചുഗൽ ആഘോഷിച്ചു. ഒരു മത്സരം ബാക്കിനിൽക്കേ പ്രീ ക്വാർട്ടറിലേക്ക്.