തിരുവനന്തപുരം> പൊലീസ് സ്റ്റേഷൻ അക്രമമുൾപ്പെടെ നടന്ന വിഴിഞ്ഞത്ത് സമാധാനം ഉറപ്പുവരുത്തുമെന്ന് സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷിയോഗം. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ എല്ലാ നടപടികൾക്കും സർവകക്ഷി കൂട്ടായ്മ സർക്കാരിന് പിന്തുണ നൽകി. അക്രമം ഉണ്ടാക്കില്ലെന്ന് സമരസമിതി പ്രതിനിധികളും ഉറപ്പ് നൽകി. സാമൂഹ്യ അന്തരീക്ഷം കലുഷിതമാകാതിരിക്കാൻ ഒറ്റക്കെട്ടായി നിലകൊള്ളും. തിങ്കൾ പകൽ നാലിന് മന്ത്രി ജി ആർ അനിലിന്റെ നേതൃത്വത്തിലായിരുന്നു യോഗം. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത 24 സംഘടനയുടെ പ്രതിനിധികളും ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതി തടസ്സപ്പെടുത്തുന്നത് നാടിന്റെ ഐക്യത്തിന് തടസ്സം നിൽക്കുന്നവരാണെന്ന് വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ പറഞ്ഞു.
ഞായറാഴ്ചത്തെ അക്രമത്തെ എല്ലാ കക്ഷികളും അപലപിച്ചതായി മന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊലീസും സർക്കാരും ആത്മസംയമനം പാലിച്ചതുകൊണ്ടാണ് വലിയ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായത്. നിഷ്പക്ഷവും നീതിപൂർവവുമായ നിയമനടപടികളുമായി പൊലീസ് മുന്നോട്ടുപോകും. ആവശ്യമായ മുൻകരുതലുകൾ വിഴിഞ്ഞത്ത് പൊലീസ് സ്വീകരിച്ചിട്ടുണ്ട്. സാമുദായിക ഐക്യം തകർക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കോൺഗ്രസ് നേതാവ് വിനോദ് സെൻ, ബിജെപി ജില്ലാ സെക്രട്ടറി വി വി രാജേഷ്, സമരസമിതി കൺവീനർ യൂജിൻ പെരേര, എം വിൻസെന്റ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ, ജില്ലാ കലക്ടർ ജെറോമിക് ജോർജ്, സിറ്റി പൊലീസ് കമീഷണർ ജി സ്പർജൻകുമാർ, കോർപറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാജു, കൗൺസിലർമാർ, സബ് കലക്ടർ അശ്വതി ശ്രീനിവാസ് എന്നിവരും വിവിധ സാമുദായിക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
3000 പേർക്ക് എതിരെ കേസ്
വിഴിഞ്ഞം സമരസമിതി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിൽ കണ്ടാലറിയുന്ന 3000 പേർക്കെതിരെ പൊലീസ് കേസെടുത്തു. മാരകായുധങ്ങളുമായി സംഘടിക്കൽ, സ്റ്റേഷൻ ആക്രമണം, വധശ്രമം, പൊലീസുകാരെ തടഞ്ഞുവയ്ക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഞായറാഴ്ച രാത്രിയിലെ ആക്രമണത്തിൽ 40 പൊലീസുകാർക്കാണ് പരിക്കേറ്റത്. ആറുപേരുടെ നില ഗുരുതരമാണ്. നാല് പൊലീസ് ജീപ്പ്, പൊലീസ് വാൻ, രണ്ടു ബസ് എന്നിവ തകർത്തു. എസ്എച്ച്ഒയുടെ ഓഫീസ്, ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ കെട്ടിടം, ഇൻവെസ്റ്റിഗേറ്റീവ് ഓഫീസ്, പ്രധാന ഓഫീസ് എന്നിവയ്ക്കു നേരെയും ആക്രമണമുണ്ടായി. വയർലെസ് സെറ്റുകളും ഉപകരണങ്ങളും നശിപ്പിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
സമീപത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട രണ്ടു ബസിന്റെ ചില്ലുകളും ജീവനക്കാരുടെ വിശ്രമമുറികളുടെ 15 ഗ്ലാസും അടിച്ചുതകർത്തു. ഇതിൽ 7.10 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. കലാപത്തിന് ആളുകളെ കൂട്ടാൻ അനൗൺസ്മെന്റ് നടത്തിയെന്ന് കണ്ടെത്തി. ആസൂത്രിത ആക്രമണത്തിന്റെ തെളിവായാണ് ഇതിനെ പൊലീസ് കാണുന്നത്. ആക്രമണത്തിനു മുമ്പേ സ്റ്റേഷനു പുറത്തെയും കടകളിലെയും സിസിടിവി തിരിച്ചുവയ്ക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. സ്ഥിതിഗതികൾ ശാന്തമാണെന്നും പ്രദേശത്ത് അഞ്ഞൂറോളം പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമീഷണർ ജി സ്പർജൻകുമാർ പറഞ്ഞു. സമരം തുടരുന്ന മുല്ലൂരിലും കൂടുതൽ പൊലീസുകാരുണ്ട്.