തിരുവനന്തപുരം> സംസ്ഥാനത്തെ കൃത്രിമ/വാടക ഗർഭധാരണ ചികിത്സാകേന്ദ്രങ്ങൾക്ക് അംഗീകാരം നൽകാൻ മേഖല തിരിച്ച് പരിശോധന. വാടക ഗർഭധാരണ നിയന്ത്രണ നിയമപ്രകാരം സംസ്ഥാനത്ത് ആരോഗ്യമന്ത്രി അധ്യക്ഷയായി രൂപീകരിച്ച “സറോഗസി ബോർഡി’ന്റെ ആദ്യയോഗത്തിലാണ് തീരുമാനം.
നിശ്ചിത ഫീസടച്ച് അപേക്ഷിച്ച എല്ലാ സ്ഥാപനവും പരിശോധിക്കും. കേന്ദ്ര നിയമങ്ങളായ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (റഗുലേഷൻ) ആക്ട് 2021, സറോഗസി (റഗുലേഷൻ) ആക്ട് 2021 എന്നിവ അനുസരിച്ചാകും പരിശോധനയും അംഗീകാരവും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലയായി തിരിച്ച് പരിശോധിക്കാൻ സമിതിയിലെ അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൃത്രിമ ഗർഭധാരണം നടത്തുന്നവർക്ക് നിയമപ്രകാരം ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
ക്ലിനിക്കുകൾ 4 വിധം
ഇൻസ്റ്റിറ്റ്യൂഷൻ, ക്ലിനിക് അഥവാ എആർടി ക്ലിനിക്, എആർടി ബാങ്ക്, സറോഗസി ക്ലിനിക് എന്നിങ്ങനെ നാലുതരത്തിലുള്ള ക്ലിനിക്കുകൾക്കാണ് അംഗീകാരം നൽകുന്നത്. സംസ്ഥാനതലത്തിൽ സമിതിയുടെയും ബന്ധപ്പെട്ട അധികാരികളുടെയും മേൽനോട്ടവുമുണ്ടാകും. സംസ്ഥാന സമിതിയുടെ പരിശോധനാ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർ മേൽനോട്ടസമിതിക്കു കൈമാറും. തുടർന്നാണ് അംഗീകാരം നൽകുന്നത്. സ്ഥാപനത്തെപ്പറ്റി പരാതിയുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കും.