പനാജി> ഇന്ത്യയുടെ 53–-ാ–മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം സ്പാനിഷ് ചിത്രമായ ‘ഐ ഹാവ് ഇലക്ട്രിക് ഡ്രീംസി’ന്. യൗവനയുക്തയാകുന്നതോടെ 16 വയസ്സുകാരിയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും പ്രതിസന്ധികളുമാണ് പ്രമേയം. മാസ്മരികമായ ചിത്രം മനസ്സിനെ പിടിച്ചുലയ്ക്കുമെന്ന് ജൂറി വിലയിരുത്തി. ഇറാൻ രഹസ്യ പൊലീസിന്റെ ഉള്ളറകൾ ചിത്രീകരിക്കുന്ന നോ എൻഡ് എന്ന തുർക്കി ചിത്രത്തിലൂടെ നാദർ സയീവര് മികച്ച സംവിധായകനുള്ള രജതമയൂരം നേടി. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വാഹിദ് മൊബസ്സേറിക് മികച്ച നടനുള്ള രജതമയൂരം നേടി.
‘ഐ ഹാവ് ഇലക്ട്രിക് ഡ്രീംസി’ലെ നായിക ഡാനിയേല മരിൻ നവാരോയാണ് മികച്ച നടി. ലോകാർണോ മേളയിലും ഡാനിയേല മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഫിലിപ്പീന്‍സ് ചിത്രം ‘വേവ്സ് ആർ ഗോൺ’ പ്രത്യേക ജൂറി പുരസ്കാരം നേടി. മികച്ച നവാഗത സംവിധായക പുരസ്കാരം ‘ബിഹൈൻഡ് ദി ഹെയ്സ്റ്റാക്സി’ലൂടെ അസിമിന പ്രോയ്ഡ്രൂവ് നേടി. സംവിധായകനും എഴുത്തുകാരനും ഛായാഗ്രാഹകനുമായ പ്രവീൺ കാന്ദ്രെഗുലയുടെ സിനിമാ ബന്ദി എന്ന ചിത്രത്തിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. ഇസ്രയേലി എഴുത്തുകാരനും ചലച്ചിത്രകാരനുമായ നദവ് ലാപിഡ് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
ഒമ്പതുദിവസം നീണ്ട മേളയുടെ സമാപന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ ചലച്ചിത്രവ്യക്തിത്വത്തിനുള്ള പുരസ്കാരം ചടങ്ങില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരജ്ഞീവിയ്ക്ക് സമ്മാനിച്ചു. വിഖ്യാത സംവിധായകന് ക്രിസ്റ്റോഫ് സനൂസിയുടെ പെര്‍ഫെക്ട് നമ്പര്‍ സമാപന ചിത്രമായി പ്രദര്‍ശിപ്പിച്ചു.