ദോഹ> പോർച്ചുഗലിന്റെ നെഞ്ചിടിപ്പിച്ചത് ഒറ്റദിവസത്തെ അത്ഭുതമല്ലെന്ന് ഘാന വിളിച്ചുപറഞ്ഞു. ആക്രമണത്തിന്റെ ഷട്ടറുകളെല്ലാം തുറന്നിട്ട പോരിൽ ദക്ഷിണ കൊറിയയെ ഘാന മറികടന്നത് 3–-2ന്. അടിയും തിരിച്ചടിയും നിറഞ്ഞ 100 മിനിറ്റുകൾ. നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന് പ്രഖ്യാപിച്ച് ഘാനയും കൊറിയയും. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം സാക്ഷ്യംവഹിച്ചത് ഈ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിന്.
മുഹമ്മദ് കുദൂസ് എന്ന ഇരുപത്തിരണ്ടുകാരനാണ് ആഫ്രിക്കൻ പടയുടെ തേര് തെളിച്ചത്. വിജയഗോളടക്കം ഇരട്ടഗോളുമായി ഈ മധ്യനിരക്കാരൻ കളംപിടിച്ചു. മുഹമ്മദ് സാലിസു മറ്റൊന്ന് നേടി. രണ്ടാംപകുതിയിൽ ചോ ഗെ സുങ്ങിലൂടെയാണ് കൊറിയൻ പോരാളികൾ തിരിച്ചടിച്ചത്.
ആദ്യകളിയിൽ പോർച്ചുഗലിനോട് 2–-3ന് പൊരുതിവീണ അതേ ഘാനയെയായിരുന്നു കൊറിയക്കെതിരെയും. എതിരാളിയുടെ ഒത്തൊരുമയിൽ തുടക്കം ഒന്നു പകച്ചുപോയെങ്കിലും പിന്നീട് പിടിവിട്ടില്ല. ഈ ലോകകപ്പിലെ ചെറിയ റാങ്കുകാരാണെന്നതും കാര്യമാക്കിയില്ല. ഏഷ്യൻ ഗോൾമുഖത്തേക്ക് ഘാന നിരന്തരം മാർച്ച് ചെയ്തു. സെറ്റ് പീസുകളിലൂടെയാണ് ആധിപത്യം കുറിച്ചത്. ജോർദാൻ അയ്യുവിന്റെ ഫ്രീ കിക്കാണ് ആദ്യ ഗോളിലേക്ക് വഴിതുറന്നത്. ബോക്സിൽ വീണ പന്ത് അടിച്ചകറ്റാൻ കൊറിയൻ പ്രതിരോധത്തിന് കഴിഞ്ഞില്ല. സാലിസുവിന്റെ ഉന്നംതെറ്റാത്ത ക്ലോസ് റേഞ്ച് വലകയറി. പത്ത് മിനിറ്റിനുള്ളിൽ കുദൂസ് ലീഡുയർത്തി. അയ്യുവായിരുന്നു ഇത്തവണയും സൂത്രധാരൻ. പറന്നുവന്ന ക്രോസിൽ കുദൂസിന്റെ കൃത്യമായ ഹെഡർ. ഘാന 2 ദ. കൊറിയ 0.
ഇടവേള കഴിഞ്ഞെത്തിയപ്പോൾ കൊറിയക്ക് പുതിയമുഖം. തിരിച്ചുവരുമെന്ന ദൃഢനിശ്ചയം കാലുകളിൽ ആവാഹിച്ചു. ഇടതുമൂലയിലൂടെ ആക്രമണ പ്രവാഹമായിരുന്നു. ക്യാപ്റ്റൻ സൺ ഹ്യുങ് മിന്നും കിം ജിൻ സുയുമെല്ലാം ഇരമ്പി. നാല് മിനിറ്റിനിടെയായിരുന്നു മറുപടിഗോളുകൾ. രണ്ടും ഹെഡർ. ആദ്യത്തേത് പകരക്കാരൻ ലീ കാങ് ഇൻ ഇടതുമൂലയിൽനിന്നുയർത്തിയ ക്രോസിൽ. പിന്നാലെ കിം ജിൻ സുവും അവസരമൊരുക്കി. തോറ്റുകൊടുക്കാൻ ഘാനയ്ക്ക് മനസ്സുണ്ടായിരുന്നില്ല. ഇനാകി വില്യംസിന്റെ തെറ്റിയ ഷോട്ട് പിടിച്ചെടുത്ത് കുദൂസ് നിറയൊഴിച്ചു. ഘാന അലറി. ഒപ്പമെത്താൻ സർവശ്രമങ്ങളും കൊറിയ നടത്തിയെങ്കിലും പ്രതിരോധവും ഗോൾകീപ്പർ ലോറൻസ് അറ്റി സിഗിയും തടുത്തു. പരിക്കുസമയം കോർണർ ലഭിച്ചെങ്കിലും ഇതിനുമുമ്പേ റഫറി കളി അവസാനിപ്പിച്ചു. റഫറിയോട് ക്ഷോഭിച്ച കൊറിയൻ കോച്ച് പൗലോ ബെന്റൊ ചുവപ്പുകാർഡ് കണ്ട് കളംവിട്ടു.