സർജാനോ
സർജാനോ എന്ന വാക്കിന് പാലി ഭാഷയിൽ ‘സർഗാത്മകത’ എന്നാണ് അർഥം. പേര് അന്വർഥമാകുകയാണ് നാദാപുരംകാരനായ സർജാനോയുടെ ജീവിതത്തിൽ. ‘ജൂൺ’ സിനിമയിലെ നോയൽ എന്ന കഥാപാത്രത്തെ ക്യാമ്പസുകൾ ഹൃദയംകൊണ്ടാണ് ഏറ്റെടുത്തത്.
നോൺസെൺസ്, ബിഗ് ബ്രദർ, ആദ്യരാത്രി, എന്നിവർ, കോബ്ര (തമിഴ്) തുടങ്ങിയ സിനിമകളിലെ സർജാനോയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘ഫോർ ഇയേഴ്സ്’ തിയറ്ററിൽ മികച്ച അഭിപ്രായം നേടുന്നതിന്റെ സന്തോഷത്തിലാണ് യുവതാരം. സർജാനോ സംസാരിക്കുന്നു.
ഫോർ ഇയേഴ്സ്
മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ക്യാമ്പസുകളിൽനിന്നാണ് കൂടുതലും. ജൂൺ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂന്നുവർഷംമുമ്പ് വിവിധ ക്യാമ്പസുകളിൽ പോയി. വീണ്ടും പോകുമ്പോൾ എല്ലാവരും മറന്നുകാണുമോ എന്ന പേടിയുണ്ടായിരുന്നു. എന്നാൽ, വിദ്യാർഥികൾ അവരിൽ ഒരാളായാണ് എന്നെയും ചിത്രത്തിലെ നായിക പ്രിയ വാര്യരെയും ടീമിനെയും സ്വീകരിച്ചത്. നിരവധി സിനിമ കാണുന്നവരാണ് പുതിയ ക്യാമ്പസിലെ കൂട്ടുകാർ. സിനിമയെക്കുറിച്ച് നല്ല ധാരണ അവർക്കുണ്ട്. അതുകൊണ്ടുതന്നെ അവർ ചോദ്യങ്ങൾ ചോദിക്കും. നല്ല ധാരണയോടെ അവർക്കു മുമ്പിൽ നമുക്ക് ഇരിക്കാൻ കഴിയണം.
രഞ്ജിത് ശങ്കർ
കഴിഞ്ഞ ഐഎഫ്എഫ്കെയിൽ ഞാനഭിനയിച്ച ‘എന്നിവർ’ എന്ന ചിത്രം പ്രദർശിപ്പിച്ചു. സിദ്ധാർഥ് ശിവയായിരുന്നു സംവിധാനം. പ്രദർശനം കഴിഞ്ഞിറങ്ങിയപ്പോഴാണ് രഞ്ജിത് ശങ്കർ സാറിനെ പരിചയപ്പെട്ടത്. ‘എന്നിവർ’ എന്ന ചിത്രത്തിലെ ഉൾപ്പെടെ സിനിമകളിലെ എന്റെ അഭിനയം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതായി പറഞ്ഞു. നല്ല കഥാപാത്രങ്ങളെ തെരഞ്ഞെടുക്കണം എന്നൊക്കെ ഓർമിപ്പിച്ചു. പ്രണയകഥകൾ എനിക്ക് കൂടുതൽ ഗുണം ചെയ്യുമെന്നും പറഞ്ഞു. അന്ന് അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാനുള്ള താൽപ്പര്യം ഞാൻ പങ്കുവച്ചു. ഞങ്ങൾ കണ്ടുമുട്ടിയശേഷമാണ് ഫോർ ഇയേഴ്സിന്റെ കഥയെക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നത്. പലതവണ കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും ചർച്ച നടത്തി. വിശാൽ എന്ന കഥാപാത്രം എന്റെ കൈയിൽ ഭദ്രമാണെന്ന ആത്മവിശ്വാസം സാറിനുണ്ടായിരുന്നു. ഷൂട്ട് തുടങ്ങിയശേഷം എന്നെ പൂർണമായി സ്വതന്ത്രനാക്കി. ഒരുതരത്തിലുള്ള ടെൻഷനും എനിക്ക് തന്നില്ല. കഥാപാത്രങ്ങളെ എങ്ങനെ പ്രേക്ഷകരെക്കൊണ്ട് സ്വീകരിപ്പിക്കാമെന്ന ധാരണ സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിനുണ്ട്.
സിനിമയിലേക്കുള്ള വഴി
കോഴിക്കോട് ജില്ലയിലെ നദാപുരമാണ് സ്വദേശം. നാട്ടിലും എറണാകുളത്തും ഖത്തറിലുമായാണ് വളർന്നതും പഠിച്ചതും. ഫോട്ടോഗ്രഫിയോട് കുട്ടിക്കാലത്തേ താൽപ്പര്യമുണ്ടായിരുന്നു. ‘നോൺസെൺസ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ആ സമയത്താണ് ജൂണിൽ നായകനെ ക്ഷണിച്ചുള്ള പരസ്യം വരുന്നത്. ‘പുറത്ത് പഠിച്ച വെളുത്തു മെലിഞ്ഞ സുന്ദരനെ ആവശ്യമുണ്ട്’ എന്നായിരുന്നു പരസ്യവാചകം. എന്റെ സിനിമാക്കമ്പം അറിയുന്ന ഒരുപാടുപേർ ഈ പരസ്യം എനിക്ക് അയച്ചുതന്നു. എല്ലാവർക്കും എന്തുകൊണ്ടായിരിക്കും ആ പരസ്യം എനിക്ക് അയച്ചുതരാൻ തോന്നിയത് എന്ന ചിന്തയാണ് ഓഡിഷനിൽ എത്തിച്ചത്. അങ്ങനെ അഭിനയിക്കാൻ അവസരവും കിട്ടി.
കോബ്രയും വിക്രമും
കോബ്രയിൽ അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കാണുന്നു. ഷൂട്ടിങ് സമയത്ത് വിക്രം സാറിനോട് ഒരുപാട് സംസാരിക്കാൻ അവസരം ലഭിച്ചു. എങ്ങനെയാണ് കഥാപാത്രങ്ങളെ ഉൾക്കൊള്ളുന്നതെന്ന് ഒരു ദിവസം അദ്ദേഹത്തോട് ചോദിച്ചു. അതിന് വിശദവും വ്യക്തവുമായ മറുപടി അദ്ദേഹം തന്നു. ഇനി നീ നിന്റെ രീതിയിൽ പറ്റുന്നതെല്ലാം ചെയ്യൂ എന്നുപറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്. തുടക്കക്കാരനോട് അദ്ദേഹം കാണിച്ച താൽപ്പര്യം ഒരിക്കലും മറക്കില്ല.
കുടുംബം
ബാപ്പ ഖാലിദ് ബക്കറും ഉമ്മ സാജിതയും സഹോദരങ്ങളും വലിയ പ്രോത്സാഹനവുമായി ഓരോ കാര്യത്തിലും കൂടെയുണ്ട്. പുതിയ സിനിമകളുടെ കഥ കേൾക്കാനൊക്കെ എന്നേക്കാൾ താൽപ്പര്യം അവർക്കാണ്.