കൊച്ചി
കൊച്ചി മെട്രോ ഇൻഫോപാർക്ക് പാതക്കുള്ള ധനസഹായം ഫ്രഞ്ച് വികസന ബാങ്ക് (എഎഫ്ഡി) നിഷേധിക്കാൻ കാരണം കേന്ദ്രം. രണ്ടാംഘട്ടപാതയുടെ പകുതിപോലും കേന്ദ്രസർക്കാർ അംഗീകരിച്ച തുകയ്ക്ക് നിർമിക്കാനാകില്ലെന്നാണ് എഎഫ്ഡിയുടെ വിലയിരുത്തൽ. 2017ൽ കേന്ദ്രസർക്കാർ ഏജൻസി കൺസൾട്ടന്റായി തയ്യാറാക്കിയ ഡിപിആറിൽ 11.2 കിലോമീറ്റർ പാതക്ക് 2310 കോടിയാണ് കണക്കാക്കിയത്.
2018ൽ കേന്ദ്ര നഗരാസൂത്രണമന്ത്രാലയം ഇടപെട്ട് ഇത് 1957 കോടിയായി വെട്ടിക്കുറച്ചു. ഈ തുകയ്ക്ക് നിർമാണം പൂർത്തിയാകില്ലെന്ന് എഎഫ്ഡി നേരത്തേതന്നെ കെഎംആർഎലിനെ അറിയിച്ചിരുന്നു. ആഗസ്തിൽ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയശേഷവും ഇതറിയിച്ചു. എന്നിട്ടും നിലപാട് മാറ്റാൻ കേന്ദ്രം തയ്യാറായില്ല. തുടർന്നാണ് പിന്മാറ്റം. കാക്കനാട് പാതയ്ക്ക് 3500 കോടി രൂപ വേണമെന്നാണ് എഎഫ്ഡി വിലയിരുത്തൽ. മെട്രോ ഒന്നാംഘട്ടത്തിൽ എഎഫ്ഡിയാണ് വായ്പ നൽകിയത്. 5181 കോടി കണക്കാക്കിയെങ്കിലും 7100 കോടി ചെലവായി. 25 വർഷ കാലാവധിയിൽ 1.9 ശതമാനം പലിശയ്ക്കാണ് വായ്പ അനുവദിച്ചത്. കാക്കനാട് പാതക്കുള്ള 60 ശതമാനം പണവും വായ്പയിലൂടെയാണ് കണ്ടെത്തേണ്ടത്. 16.23 ശതമാനം തുക (274.90 കോടി) മാത്രമാണ് കേന്ദ്രവിഹിതം.
തുടക്കം മുതൽ ഉടക്ക്
കൊച്ചി മെട്രോയ്ക്ക് വൻ കുതിപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഇൻഫോപാർക്ക് പാത. എന്നാൽ, തുടക്കംമുതൽ ഇത് തടസ്സപ്പെടുത്താനാണ് കേന്ദ്രനീക്കം. പദ്ധതിക്ക് നാലുവർഷമാണ് അനുമതി വൈകിച്ചത്. ഒപ്പം രാജ്യത്ത് മറ്റ് മെട്രോകൾക്കൊന്നും ബാധകമല്ലാത്ത നിബന്ധനകളും അടിച്ചേൽപ്പിച്ചു.
രണ്ടാംഘട്ടത്തെ ബാധിക്കില്ല: കെഎംആർഎൽ
ഫ്രഞ്ച് വികസന ഏജൻസി (എഎഫ്ഡി) വായ്പ നൽകാത്തത് കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തെ ബാധിക്കില്ലെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. മറ്റ് ഏജൻസികളിൽനിന്ന് വായ്പ ലഭ്യമാക്കാൻ നടപടി പൂർത്തിയാക്കി. നഗരജനസംഖ്യാ മാനദണ്ഡപ്രകാരം കൊച്ചിയുൾപ്പെടുന്ന വിഭാഗത്തിലെ മെട്രോകളിൽ മികച്ചതാണ് കൊച്ചി മെട്രോ. നാഗ്പുർ, ജയ്പുർ, ലഖ്നൗ തുടങ്ങിയ മെട്രോകളെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിലും ഇതരസൗകര്യങ്ങളിലും ബഹുദൂരം മുന്നിലാണ്. യന്ത്രവൽകൃതമല്ലാത്ത ഗതാഗതമാർഗങ്ങൾ മെട്രോയ്ക്ക് അനുബന്ധമായി വികസിപ്പിക്കുന്നതിന് എഎഫ്ഡിയുടെ സഹായം ലഭിക്കുന്നുണ്ട്.
കേരളത്തിനില്ല ;
മറ്റിടങ്ങളിൽ
വാരിക്കോരി
ഇൻഫോപാർക്ക് മെട്രോ പാതയുടെ നിർമാണത്തുക വെട്ടിക്കുറച്ച കേന്ദ്രസർക്കാർ, ഇതേകാലത്ത് മറ്റുസംസ്ഥാനങ്ങളുടെ സമാന പദ്ധതികൾക്ക് അനുവദിച്ചത് ഉയർന്ന തുക. കഴിഞ്ഞ മൂന്നുവർഷവും കേരളമൊഴികെ സംസ്ഥാനങ്ങളിലെ മെട്രോ നിർമാണത്തിനും കേന്ദ്രം വാരിക്കോരി നൽകി. ഇൻഫോപാർക്ക് പാതയുടെ ഡിപിആർ രണ്ടുവട്ടം തിരിച്ചയച്ച കേന്ദ്രം നിർമാണത്തുക ഏകപക്ഷീയമായി വെട്ടിക്കുറച്ചു. നാലുവർഷം അകാരണമായി അനുമതിയും നിഷേധിച്ചു.
2016ൽ കേന്ദ്രം നിർമാണാനുമതി നൽകിയ ഹരിയാനയിലെ ഗുരുഗ്രാം മെട്രോ കോറിഡോറിന്റെ നീളം12 കിലോമീറ്ററാണ്. കാക്കനാട് പാതയേക്കാൾ ഒരു കിലോമീറ്റർമാത്രം അധികം. ഹരിയാനയ്ക്ക് അനുവദിച്ചത് 2300 കോടിയുടെ പദ്ധതി. 2015ൽ ജയ്പുർ മെട്രോയുടെ 12 കിലോമീറ്റർ നിർമാണത്തിന് 3149 കോടിയുടെ പദ്ധതിക്കാണ് അനുമതി നൽകിയത്. കേന്ദ്രാനുമതി കാത്തിരിക്കുന്ന പുണെ മെട്രോയുടെ അഞ്ച് കിലോമീറ്റർമാത്രം നീളമുള്ള സ്വർഗേറ്റ്–-കത്രാജ് പാതയുടെ നിർമാണച്ചെലവ് കണക്കാക്കിയിട്ടുള്ളത് 3668 കോടിയാണ്. ഉത്തർപ്രദേശിൽ ഗോരഖ്പുർ ലൈറ്റ് മെട്രോ പദ്ധതിക്ക് 2010 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്.
ദൈർഘ്യം 15 കിലോമീറ്റർമാത്രം.
കേന്ദ്രനിർദേശങ്ങളെല്ലാം പാലിച്ച് സമർപ്പിച്ച ഇൻഫോപാർക്ക് പാത പദ്ധതി നാലുവർഷമാണ് കേന്ദ്രം അനുമതി തരാതെ തടഞ്ഞുവച്ചത്. 2018ൽ സമർപ്പിച്ച പദ്ധതി 2019 ഫെബ്രുവരി 26ന് ധനമന്ത്രാലയം അംഗീകരിച്ചു. 2020 മാർച്ച് 13ന് പൊതുനിക്ഷേപ ബോർഡും അംഗീകരിച്ചു. പിന്നെ കേന്ദ്ര കാബിനറ്റ് അംഗീകാരത്തിനുവേണ്ടിമാത്രം കാത്തിരുന്നത് രണ്ടുവർഷം. 2021–-22ലെ ബജറ്റിൽ പരാമർശിച്ചിട്ടും അന്തിമാനുമതി 18 മാസത്തോളം പിന്നെയും വൈകി.