തിരുവനന്തപുരം> സംസ്ഥാനത്തെ നോട്ടറി നിയമനം ഓണ്‍ലൈനായി നടത്തുന്നതിനുള്ള പോര്‍ട്ടല്‍ നിലവില്‍ വന്നു. നിയമ മന്ത്രി പി രാജീവ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.നിയമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആധുനീകരിക്കുന്നതിന്റേയും ഭരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റേയും ഭാഗമായാണ് പോര്‍ട്ടലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
നോട്ടറി അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് തയ്യാറാക്കുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും ഇനി മുതല്‍ ഓണ്‍ലൈനാവും. നോട്ടറി പുനര്‍നിയമനത്തിനുള്ള നടപടികളും റിട്ടേണ്‍ സമര്‍പ്പിക്കലും ഓണ്‍ലൈനായി നടത്താനുള്ള സൗകര്യം ഡിസംബര്‍ 31 ഓടെ നിലവില്‍ വരും. ഓണ്‍ലൈനാകുന്നതോടെ പുനര്‍ നിയമനത്തിനുള്ള അപേക്ഷ ആറ് മാസം മുന്‍പ് സമര്‍പ്പിക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കും. പുതുക്കല്‍ അപേക്ഷയിലെ കാലതാമസം പിന്നീട് പരിഹരിക്കാനാവില്ല.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നോട്ടറി അഡ്വ. ജി.എം. ഇടിക്കുളയെ ചടങ്ങില്‍ ആദരിച്ചു. 52 വര്‍ഷമായി ജി.എം ഇടിക്കുള നോട്ടറിയാണ്. വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായി. ചീഫ് സെക്രട്ടറി വി.പി.ജോയി, ലോ സെക്രട്ടറി വി. ഹരി നായര്‍, ബാര്‍ കൗണ്‍സില്‍ എന്റോള്‍മെന്റ് കമ്മിറ്റി ചെയര്മാന് അഡ്വ. പള്ളിച്ചല്‍ എസ്.കെ പ്രമോദ്, എന്‍. ജീവന് എന്നിവര്‍ പ്രസംഗിച്ചു.