പാനൂര്‍> ഈ വര്‍ഷത്തെ കെകെ രാജീവന് സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡിന് ദേശാഭിമാനി ഇരിട്ടി ഏരിയാ ലേഖകന്‍ മനോഹരന് കൈതപ്രത്തെ തെരഞ്ഞെടുത്തു. ആറളം ആദിവാസി മേഖലയിലെ കാട്ടാനശല്യത്തെക്കുറിച്ചുള്ള ‘ചിന്നംവിളിയില്‍ നിലയ്ക്കുന്ന ജീവിതതാളം’ വാര്‍ത്താ പരമ്പരയ്ക്കാണ് പുരസ്കാരം. ദേശാഭിമാനി കണ്ണൂര്‍ എഡിഷനില്‍ 2022 ഒക്ടോബര്‍ ഏഴു മുതല്‍ 10 വരെയാണ് പരമ്പര പ്രസിദ്ധീകരിച്ചത്.
കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്, റിട്ട. ആകാശവാണി സ്റ്റേഷന് ഡയറക്ടര്‍ ബാലകൃഷ്ണന് കൊയ്യാല്‍, കേരള കൗമുദി കണ്ണൂര്‍ ബ്യൂറോ ചീഫ് ഒ സി മോഹന്‍രാജ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. കാടിറങ്ങിവരുന്ന ക്രൗര്യത്തില്‍ ഉറക്കം നഷ്ടപ്പെട്ട പ്രദേശവാസികള്‍ക്കൊപ്പം നിന്ന് നടത്തിയ അനുകരണീയ മാധ്യമ ഇടപെടലാണ് ഈ പരമ്പരയെന്ന് ജൂറി വിലയിരുത്തി.
ദേശാഭിമാനി പാനൂര്‍ ഏരിയാ ലേഖകനായിരുന്ന, കൂത്തുപറമ്പ് രക്തസാക്ഷി കെ കെ രാജീവന്റെ ഓര്‍മയ്ക്കായി കെ കെ രാജീവന് സ്മാരക കലാ– സാംസ്കാരിക വേദിയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. 10,000 രൂപയും പ്രശസ്ഥി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. നാല്പത് വര്‍ഷമായി ദേശാഭിമാനി ഇരിട്ടി ലേഖകനാണ് മനോഹരന് കൈതപ്രം.
ഭാര്യ: രാധ. അനുരാജ് മനോഹര്‍, അശ്വിനി എന്നിവര്‍ മക്കള്‍.നവ: 25 ന് വൈകിട്ട് 5ന് പാനൂര്‍ ബസ്റ്റാന്റില്‍ നടക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷീദിനാചരണ പൊതുസമ്മേളന വേദിയില്‍ വെച്ചു സിപിഐ എം പോളിറ്റ് ബ്യൂറോഅംഗം എ വിജയരാഘവന് പുരസ്ക്കാരം സമ്മാനിക്കും.