തിരുവനന്തപുരം
ഒരു ക്വിന്റൽ ഭക്ഷ്യധാന്യ വിതരണത്തിന് റേഷൻവ്യാപാരികൾക്കുള്ള കമീഷൻ ഇനത്തിൽ സംസ്ഥാന സർക്കാരിന് ചെലവ് 239 രൂപ. കേന്ദ്ര സർക്കാർ എഫ്സിഐ മുഖേന അനുവദിക്കുന്ന അരിക്ക് ക്വിന്റലിന് കമീഷനായി നിശ്ചയിച്ചത് 87 രൂപയാണ്. ഇതിന്റെ 50 ശതമാനമാണ് കേന്ദ്രം നൽകുന്നത്. സാധാരണ റേഷൻ അരിയുടെ (എൻഎഫ്എസ്എ പദ്ധതി) വിതരണത്തിന്റെ 81 ശതമാനം ചെലവും മുൻഗണനാ കാർഡുകാർക്ക് സൗജന്യനിരക്കിൽ നൽകുന്ന (പിഎംജികെവൈ പദ്ധതി) അരിവിതരണത്തിന്റെ 65 ശതമാനവും സംസ്ഥാനമാണ് വഹിക്കുന്നത്. ക്വിന്റൽ അരിക്ക് ട്രാൻസ്പോർട്ടേഷൻ തുകയായി നിശ്ചയിച്ചത് 65 രൂപയാണ്. ഇതിന്റെ 50 ശതമാനം കേന്ദ്രവിഹിതമാണ്. കേരളത്തിൽ ട്രാൻസ്പോർട്ടേഷൻ ചെലവ് 142 രൂപ വരും.
ബജറ്റ് വിഹിതം
216 കോടി
കേന്ദ്ര സർക്കാരിന്റെ പിഎംജികെവൈ പദ്ധതിയുടെ കമീഷൻകൂടി കണ്ടത്തേണ്ടിവന്ന സാഹചര്യത്തിലാണ് ബജറ്റ് വിഹിതം മതിയാകാതെ വന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. റേഷൻവ്യാപാരികൾക്കുള്ള കമീഷൻ ഇനത്തിൽ ബജറ്റിൽ വകയിരുത്തിയ 216 കോടി രൂപ അപര്യാപ്തമായിരുന്നു. 102 കോടി രൂപ അധികമായി അനുവദിക്കണമെന്ന ശുപാർശ ധനവകുപ്പിന്റെ പരിഗണനയിലാണ്. തുക ഉടൻ ലഭ്യമാക്കി വിതരണത്തിനുള്ള നടപടി സ്വീകരിക്കും. കമീഷൻ നൽകുന്നതിന് സർക്കാരിന് പ്രതിമാസം 15–-16 കോടി രൂപ വേണം. പിഎംജികെവൈ പദ്ധതി കമീഷൻകൂടി കണക്കാക്കുമ്പോൾ പ്രതിമാസം 28-–-30 കോടി രൂപ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.
സമ്പുഷ്ടീകരിച്ച അരി:
പഠിക്കണമെന്ന് ഭക്ഷ്യവകുപ്പ്
റേഷൻകടകൾ വഴി വിതരണം ചെയ്യുന്നത് സമ്പുഷ്ടീകരിച്ച അരി മാത്രമാക്കുമെന്ന് കേന്ദ്രം നിലപാടെടുത്ത സാഹചര്യത്തിൽ വിദഗ്ധ സമിതി രൂപീകരിച്ച് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആരോഗ്യവകുപ്പിന് കത്ത് നൽകി. അരിവാൾ രോഗം, തലാസീമിയ, മലേറിയ, ക്ഷയം എന്നിവ ബാധിച്ചവർക്കും മറ്റും ഭക്ഷണത്തിലെ ഇരുമ്പിന്റെ സാന്നിധ്യം ദോഷകരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.
പോഷകാഹാരക്കുറവ് കാണപ്പെടുന്ന ഗോത്രമേഖലകളിൽ വിതരണം ചെയ്യുന്നതിന് നേരത്തേ കേന്ദ്രം അനുവദിച്ച 5.13 ലക്ഷം മെട്രിക് അരി മതിയാകും. മറ്റു സ്ഥലങ്ങളിൽ സാധാരണ അരി വിതരണം ചെയ്താൽ മതിയാകുമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഘട്ടമായി വർധിപ്പിച്ച് 2024ൽ റേഷൻകട വഴി വിതരണം ചെയ്യുന്നത് സമ്പുഷ്ടീകരിച്ച അരി മാത്രമാക്കുമെന്നാണ് കേന്ദ്രനിലപാട്.