ദോഹ
പരിക്കിലും ഫ്രാൻസിന് ഒട്ടും ക്ഷീണമില്ല. ആദ്യ മത്സരത്തിനിറങ്ങിയ ചാമ്പ്യൻമാർ ഓസ്ട്രേലിയയെ 4–-1ന് തുരത്തി. ഒളിവർ ജിറൂ ഇരട്ടഗോൾ നേടി. ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരിൽ തിയറി ഒൻറിക്ക് ഒപ്പമെത്തി. ഇരുവർക്കും 51 ഗോളാണ്. ആഡ്രിയൻ റാബിയറ്റും കിലിയൻ എംബാപ്പെയും ലക്ഷ്യം കണ്ടു. രണ്ട് ഗോളിന് വഴിയുമൊരുക്കി എംബാപ്പെ. രണ്ടാം ലോകകപ്പിനിറങ്ങിയ ഇരുപത്തിമൂന്നുകാരന് ആകെ അഞ്ച് ഗോളായി. ക്രെയ്ഗ് ഗുഡ്വിന്നിലൂടെ ഒമ്പതാം മിനിറ്റിൽ ഓസ്ട്രേലിയയായിരുന്നു മുന്നിലെത്തിയത്. എന്നാൽ ചാമ്പ്യൻമാരുടെ കളി പുറത്തെടുത്ത ഫ്രഞ്ചുകാർ എതിരാളിയെ പിന്നെ നിലംതൊടീച്ചില്ല.
ജയത്തിലും ഇടതുപ്രതിരോധക്കാരൻ ലൂകാസ് ഹെർണാണ്ടസിന്റെ പരിക്ക് ആശങ്കയായി. പതിമൂന്നാം മിനിറ്റിൽ മുടന്തിയാണ് ഈ ഇരുപത്താറുകാരൻ കളം വിട്ടത്. ലൂകാസിന് പകരക്കാരനായെത്തിയ തിയോ ഹെർണാണ്ടസാണ് ഫ്രാൻസിന്റെ സമനില ഗോളിന് വഴിയൊരുക്കിയത്. റാബിയറ്റ് ലക്ഷ്യം കണ്ടു.ആദ്യ പകുതി അവസാനിക്കും മുമ്പ് ജിറൂ ചാമ്പ്യൻമാരെ മുന്നിലെത്തിച്ചു. റഷ്യൻ ലോകകപ്പിൽ ഒറ്റ ഗോളുമുണ്ടായിരുന്നില്ല ഈ മുപ്പത്താറുകാരന്. ഇടവേളയ്ക്കുശേഷം എംബാപ്പെയും ജിറൂവും ചേർന്ന് ജയം പൂർത്തിയാക്കി. ഗ്രൂപ്പ് ഡിയിൽ മൂന്ന് പോയിന്റുമായി ഫ്രാൻസ് ഒന്നാമതെത്തി.
ബാലൻ ഡി ഓർ ജേതാവ് കരിം ബെൻസെമ, മധ്യനിരയിലെ കരുത്തരായ പോൾ പോഗ്ബെ, എൻഗോളോ കാന്റെ, സ്ട്രൈക്കർ ക്രിസ്റ്റഫർ എങ്കുങ്കു, പ്രതിരോധതാരം പ്രസ്നെൽ കിംപെമ്പെ എന്നിവരെ ചാമ്പ്യൻമാർക്ക് പരിക്കു കാരണം നഷ്ടമായിരുന്നു.