നിലമ്പൂർ
കാൽപ്പന്തിന്റെ ലോകവേദികളിൽ താരങ്ങളെ വരവേറ്റും ഭക്ഷണ കൗണ്ടറുകളിൽ സേവനംചെയ്തും നിലമ്പൂരിൽനിന്നുള്ള വിദ്യാർഥികളും. നിലമ്പൂർ മൈലാടി അമൽ കോളേജിലെ 160 വിദ്യാർഥികളാണ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി ഖത്തറിലുള്ളത്. കോളേജിലെ ബാച്ചിലർ ഓഫ് ടൂറിസം ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിലെ 130 പേരും ലോജിസ്റ്റിക് മാനേജ്മെന്റ് വിഭാഗത്തിലെ 30 പേരുമാണ് സംഘത്തിൽ. നാല് ബാച്ചുകളിലായാണ് ഇവർ ഖത്തറിൽ എത്തിയത്. കോളേജിലെ അധ്യാപകനും പ്ലേയ്സ്മെന്റ് ഓഫീസറുമായ ഡോ. വി കെ ഹഫീസിന്റെ ഇടപെടലാണ് തുണയായത്. ഖത്തറിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് വിദ്യാർഥികളുടെ വിമാന ചെലവ് ഉൾപ്പെടെ വഹിക്കുന്നത്. കൂടാതെ ഭക്ഷണം, താമസം എന്നിവക്കുപുറമേ വിദ്യാർഥികൾക്ക് സ്റ്റൈപ്പെന്റും നൽകുന്നു. എട്ട് സ്റ്റേഡിയത്തിനകത്താണ് ഇവരുടെ സേവനം.
സംസ്ഥാനത്തുനിന്ന് ആദ്യമായാണ് ഇത്രയധികം വിദ്യാർഥികൾക്ക് ലോകകപ്പ് സംഘാടകരായി പ്രവർത്തിക്കാൻ അവസരം. നേരത്തെ ഖത്തറിൽ നടന്ന അറബ് ലോകകപ്പിനും ഇതേ കോളേജിലെ വിദ്യാർഥികൾ പോയിരുന്നു.