കൊച്ചി
ദേശാഭിമാനി 80–-ാംവാർഷികം എറണാകുളം ജില്ലയിൽ ഡിസംബർ രണ്ടിന് ആഘോഷിക്കും. ബോൾഗാട്ടി പാലസും ദർബാർഹാൾ ഗ്രൗണ്ടുമാണ് വേദികൾ. പരിസ്ഥിതി സെമിനാർ, സാംസ്കാരിക സദസ്സ്, ഗായകൻ എം ജി ശ്രീകുമാർ നയിക്കുന്ന ഗാനമേള എന്നിവയുണ്ടാകും.
ബോൾഗാട്ടി പാലസിൽ രാവിലെ 10ന് നടക്കുന്ന ‘ഗ്രീൻ കൊച്ചി’ സെമിനാർ കൊച്ചിയുടെ പാരിസ്ഥിതിക വെല്ലുവിളികളും പരിഹാരങ്ങളും ചർച്ചചെയ്യും. തദ്ദേശമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ സി എൻ മോഹനൻ അധ്യക്ഷനാകും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ആമുഖപ്രഭാഷണം നടത്തും. മേയർ എം അനിൽകുമാർ വിഷയം അവതരിപ്പിക്കും. സന്തോഷ് ജോർജ് കുളങ്ങര, എംഎൽഎമാരായ ടി ജെ വിനോദ്, കെ ജെ മാക്സി, കെ എൻ ഉണ്ണിക്കൃഷ്ണൻ, കേരള കാർഷിക സർവകലാശാല റിട്ട. ഡീൻ (ഫിഷറീസ്) ഡോ. കെ എസ് പുരുഷൻ, ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോ–-ഓർഡിനേറ്റർ കെ രൂപേഷ് കുമാർ, ആർക്കിടെക്ട് ബി ആർ അജിത് തുടങ്ങിയവർ പങ്കെടുക്കും.
ആധുനികകേരളവും അന്ധവിശ്വാസത്തിന്റെ പിൻവിളികളും എന്ന വിഷയത്തിൽ ദർബാർഹാൾ ഗ്രൗണ്ടിൽ വെെകിട്ട് അഞ്ചിന് ചേരുന്ന സാംസ്കാരിക സദസ്സ് വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനാകും. ഡോ. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. എം കെ സാനു, ദേശാഭിമാനി മുൻ ജനറൽ എഡിറ്റർ കെ മോഹനൻ എന്നിവരെ ആദരിക്കും. ബാലചന്ദ്രൻ ചുള്ളിക്കാട്, എം സ്വരാജ് എന്നിവർ സംസാരിക്കും. തുടർന്ന് എം ജി ശ്രീകുമാർ നയിക്കുന്ന ഗാനമേള.