ആലപ്പുഴ
പുന്നപ്ര–- വയലാർ സമരപോരാളി കുന്തക്കാരൻ പത്രോസിന്റെ പിൻഗാമികൾ ഇവിടെയുണ്ട്;- പുരോഗമന കേരളത്തിന്റെ പുതുതലമുറയിലെ പെൺപോരാളികൾ ഒത്തുചേരുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ.
കെ വി പത്രോസ് എന്ന ‘കുന്തക്കാരൻ പത്രോസി’ന്റെ കൊച്ചുമകൻ റോസൽ രാജിന്റെ ഭാര്യ അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയംഗം അഡ്വ. സോന കെ കരീം ഒരുവയസുകാരി മകൾ ഫറാഷ റോസയുമായാണ് സമ്മേളനത്തിനെത്തിയത്. റോസൽ രാജ് സിപിഐ എം ഒല്ലൂർ ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയുമാണ്.
1938ൽ ആലപ്പുഴയിൽ നടന്ന ചരിത്രപ്രസിദ്ധമായ തൊഴിലാളി പണിമുടക്കിനും നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്നു കെ വി പത്രോസ്. പുന്നപ്ര–-വയലാർ സമരകാലത്ത് പ്രകടനത്തിനുനേരെ പൊലീസ് ഭീകര മർദ്ദനം അഴിച്ചുവിടുകയും വെടിവയ്ക്കുകയും ചെയ്തു. ആ സമരത്തിലാണ് വാരിക്കുന്തം തൊഴിലാളികൾ കൈയിലേന്തിയത്. അതിനു നേതൃത്വം നൽകിയത് പത്രോസായിരുന്നു. അങ്ങനെയാണ് ‘കുന്തക്കാരൻ പത്രോസ്’ എന്ന പേരുവന്നത്.
ഫറാഷ റോസയെ കൂടാതെ രണ്ട് കുരുന്നുകൾകൂടി സമ്മേളനനഗരിയുടെ പരിലാളനകളിലുണ്ട്. അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം നെയ്യാറ്റിൻകര ശ്രീലക്ഷ്മിയിൽ അഡ്വ. ഒ എസ് നിഷയുടെ മകൾ ജാഗൃതിശ്രീയും ഇടുക്കി ശാന്തൻപാറ ഏരിയാ സെക്രട്ടറി ചെറിയാർ കുഴികണ്ടത്തിൽ ജിഷയുടെയും ദിലീപിന്റെയും മകൾ ഒന്നര വയസുകാരി അനാമികയുമാണ് സമ്മേളനനഗറിലെ മറ്റുകുരുന്നുകൾ.