തിരുവനന്തപുരം > ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പങ്ക് പാർശ്വവൽക്കരിക്കപ്പെടുന്നത് അപകടകരമാണെന്ന് ഏഷ്യൻസ്കൂൾ ഓഫ് ജേർണലിസം ചെയർമാൻ ശശികുമാർ. പി ജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയ പി ഗോവിന്ദപ്പിള്ള ദേശീയ പുരസ്കാര വിതരണച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുഖ്യധാരാ മാധ്യമങ്ങൾ എന്തുപറഞ്ഞാലും തങ്ങൾക്കിഷ്ടമുള്ളത് ചെയ്യുമെന്ന ധാർഷ്ട്യമാണ് കേന്ദ്രത്തിന്. നിർഭാഗ്യവശാൽ ഒരുവിഭാഗം മാധ്യമങ്ങളും ഇതിന് വിധേയപ്പെടുന്നു. എല്ലാ സൗകര്യങ്ങളുമൊരുക്കി ഇത്തരം പ്രചരണങ്ങൾക്കൊപ്പമാണ് അവർ നിൽക്കുന്നത്. ഭരണകക്ഷിയുടെ പിആർ ഏജൻസിയായി മാധ്യമങ്ങൾ മാറരുത്. അനുകൂല നിലപാട് സ്വീകരിക്കാത്ത മാധ്യമങ്ങളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ മനഃപൂർവം സൃഷ്ടിക്കുന്ന നുണകൾ ചൂണ്ടിക്കാണിക്കാനുള്ള ചുമതല മുഖ്യധാരാ മാധ്യമങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.