ബ്യൂണസ് ഐറിസ്
അർജന്റീനയിൽ സൈനിക സ്വേച്ഛാധിപത്യ കാലത്ത് സേനയുടെ പിടിയിലായശേഷം അപ്രത്യക്ഷരായവരെ കണ്ടെത്താന്‍ പതിറ്റാണ്ടുകൾ പോരാടിയ ധീരയായ അമ്മ ഹിബി ഡി ബോണാഫിനി (93) അന്തരിച്ചു. സൈനികരുടെ പീഡനത്തിനിരയായവരെ തെരയാന്‍ പ്ലാസ ഡി മായോ എന്ന അമ്മമാരുടെ സംഘടന രൂപീകരിച്ച് 13 സ്ത്രീകളിൽ പ്രധാനിയാണ് ഇവര്‍. ബോണാഫിനിയുടെ രണ്ട് ആണ്മക്കള് സൈന്യത്തിന്റെ പിടിയിലായിരുന്നു.
അക്കാദമിക് പണ്ഡിതര്‍, പ്രക്ഷോഭകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍ എന്നിങ്ങനെ സൈനിക സ്വേച്ഛാധിപത്യത്തെ ചോദ്യംചെയ്ത മുപ്പതിനായിരത്തോളം പേരെയാണ് 1970നും 1980നുമിടയില്‍ കാണാതായത്. പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ചിലരെയെല്ലാം കണ്ടെത്താനായി. എന്നാൽ, ബോണാഫിനിയുടെ രണ്ടു മക്കളും തിരികെ വന്നില്ല. 1977 ഏപ്രിൽ 30ന് ബ്യൂണസ് ഐറിസിൽ നടത്തിയ ആദ്യ പ്രതിഷേധം മുതൽ കൊടിയ പീഡനങ്ങളാണ് അമ്മാരുടെ സംഘടന നേരിട്ടത്.