ജക്കാർത്ത
ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 162 മരണം. നാനൂറിലധികം പേർക്ക് പരിക്കേറ്റു. 2200 കെട്ടിടങ്ങൾ തകർന്നു. അയ്യായിരത്തിലധികം പേർ ഭവനരഹിതരായി. 13,000ലധികംപേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് കൂടുതൽ ആളുകളെ കണ്ടെത്തിയതോടെ ആശുപത്രികളിൽ പാർക്കിങ് ഏരിയയിൽ ഉൾപ്പെടെ കിടത്തിച്ചികിത്സ ആരംഭിച്ചു. ചികിത്സയിലുള്ള നിരവധി പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരും.
പടിഞ്ഞാറൻ ജാവ പ്രവിശ്യയിലെ സിയാഞ്ചുർ മേഖലയിലാണ് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിൽപ്പെട്ടാണ് മരണത്തിൽ അധികവും സംഭവിച്ചത്. മേഖലയിൽ നിരവധിയിടങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി. ജക്കാർത്ത ഉൾപ്പെടെയുള്ള മേഖലകളിൽ ശക്തമായി തുടർപ്രകമ്പനങ്ങളുണ്ടായി. തലസ്ഥാന നഗരത്തിലെ ഉയരമേറിയ കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. ഭൂകമ്പങ്ങൾ പതിവായ രാജ്യത്തെ പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിൽ ഫെബ്രുവരിയിലുണ്ടായ ഭൂകമ്പത്തിൽ 25 പേർ മരിക്കുകയും 460 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
2004ൽ രാജ്യത്ത് കടലിനടിയിലുണ്ടായ അതിശക്ത ഭൂകമ്പമാണ് വിവിധ രാജ്യങ്ങളിലായി 2.3 ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത സുനാമിക്ക് കാരണമായത്.