തിരുവനന്തപുരം > രാജ്ഭവനിൽ20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് നേരിട്ടയച്ച കത്ത് പുറത്ത്. ഇതുകൂടാതെ രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ദിലീപ്കുമാർ പിയെ ദീർഘകാലത്തെ സേവനകാലാവധി പരിഗണിച്ച് സ്ഥിരപ്പെടുത്തണമെന്നും ഗവർണർ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കുടുംബശ്രീ മുഖേന നിയമിതരായ അഞ്ചുവർഷത്തിൽ താഴെ മാത്രം സേവനമുള്ള 20 പേരെയാണ് സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് ഗവർണർ കത്തയച്ചത്.
ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത്
കരാറടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ദിലീപിനെ സ്ഥിരപ്പെടുത്താനായി ‘സൈഫർ അസിസ്റ്റന്റ്’ എന്ന തസ്തിക ഫോട്ടോഗ്രാഫർ തസ്തികയാക്കി പുനർനാമകരണം ചെയ്യണമെന്നും ഗവർണർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഗവർണർ പ്രത്യേക താൽപ്പര്യ പ്രകാരം, മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
27800 – 59400 രൂപ ശമ്പള സ്കെയിലിലാണ് ദിലീപ്കുമാറിന് ഗവർണറുടെ താത്പര്യപ്രകാരം നിയമനം നൽകിയത്. സർക്കാരിനെതിരെ പിൻവാതിൽ നിയമനമെന്ന ആരോപണം ഉന്നയിക്കുന്ന ഗവർണർ തന്നെ 20 താത്ക്കാലിക ജീവനക്കാർക്ക് സ്ഥിരനിയമനം നൽകി.
ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്ത്
ഗവർണറുടെ താൽപര്യപ്രകാരം സ്ഥിരനിയമനം നടത്തിക്കൊണ്ടുള്ള കത്ത്