കാഠ്മണ്ഡു> നേപ്പാളിൽ പാർലമെന്റ്, പ്രവിശ്യാ അസംബ്ലികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. ഞായർ വൈകിട്ടോടെ 60 ശതമാനത്തോളംപേർ വോട്ട് രേഖപ്പെടുത്തി. അന്തിമകണക്ക് വന്നിട്ടില്ല. ഡിസംബർ എട്ടോടെയേ അന്തിമ തെരഞ്ഞെടുപ്പുഫലം പുറത്തുവരൂ. പാർലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പുകൾ ഒറ്റഘട്ടമായാണ് നടന്നത്.
275 പാർലമെന്റ് സീറ്റിൽ 165 എണ്ണത്തിലേക്കും 550 അസംബ്ലി സീറ്റിൽ 330ലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
ബാക്കി സീറ്റുകളിലേക്ക് ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രധാന പാർടികളായ കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്–-ലെനിനിസ്റ്റ്) 141 പാർലമെന്റ് സീറ്റിലും സിപിഎൻ (മാവോയിസ്റ്റ് സെന്റർ) 46 സീറ്റിലും നേപ്പാളി കോൺഗ്രസ് 91 സീറ്റിലും മത്സരിച്ചു. തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്–-ലെനിനിസ്റ്റ്) നേതൃത്വത്തിലുളള സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും ഡിസംബർ ആദ്യവാരം പുതിയ സർക്കാർ രൂപീകരണശ്രമങ്ങൾ തുടങ്ങുമെന്നും നേപ്പാൾ മുൻ പ്രധാനമന്ത്രികൂടിയായ കെ പി ശർമ ഒലി പറഞ്ഞു.