കൊച്ചി> ഫുട്ബോള്‍ ലോകകപ്പ് ആവേശത്തില്‍ പങ്കുചേര്‍ന്ന് ഡോ ജോ ജോസഫും. താനും ഭാര്യയും അര്‍ജന്റീന ഫാനാണെന്ന് പറഞ്ഞ ജോ ജോസഫ് മക്കള്‍ ഫ്രാന്‍സിനും ബെല്ജിയത്തോടുമൊപ്പമാണെന്നും ഫോസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മെസിയുടെ കട്ട് ഔട്ട് വീട്ടില്‍ വയ്ക്കുന്നതിനെതിരെ മക്കളില്‍ നിന്നും ശക്തമായ പ്രതിഷേധമുണ്ടായമെങ്കിലും തുറുപ്പചീട്ടിറക്കി കാര്യം പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു
ഫേസ്ബുക്ക് കുറിപ്പ്
സ്വകാര്യ പൊതുഇടങ്ങളില്‍ എല്ലാം ജനാധിപത്യം വേണമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ കളപ്പുരക്കല്‍ പറമ്പില്‍ വീട്ടില്‍ ഒരു മാസത്തേക്ക് അത്രക്ക് ജനാധിപത്യം വേണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഞാനും ദയയും കട്ട അര്‍ജന്റീന ഫാന്‍സ് ആണ്. വികാരമാണ് ഞങ്ങളെ നയിക്കുന്നതെങ്കില്‍ വിവേകത്താല്‍ നയിക്കപ്പെടുന്ന മൂത്ത മോള് ജോവന് ഫ്രാന്‍സിന്റെ ആരാധികയാണ്.
ഇളയവള്‍ ജിയന്ന ആകട്ടെ കഴിഞ്ഞതവണ ബ്രസീല്‍ ആരാധികയായിരുന്നു, ഇത്തവണ ബെല്ജിയത്തോടൊപ്പം. അതുകൊണ്ട് മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ വീട്ടില്‍ വന്‍ പ്രതിഷേധമിരമ്പി.അങ്ങനെയെങ്കില്‍ തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരുടെ കട്ടൗട്ടുകളും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു .എന്നാല്‍ ആ പ്രതിഷേധത്തെയെല്ലാം ഇത് മെസ്സിയുടെ അവസാനത്തെ ലോകകപ്പാണ് എന്ന ഒറ്റ വൈകാരിക തുറുപ്പുചീട്ടില്‍ അടിച്ചമര്‍ത്തി ഇന്ന് രാവിലെ പെട്ടി ഓട്ടോയില്‍ കയറി മെസ്സി മെസ്സി വീട്ടിലെത്തി. പൂമുഖത്ത് തന്നെ ആ ഏട്ടടിവീരനെ സ്ഥാപിച്ചു.